ആലപ്പുഴ : കായംകുളത്തെ സിപിഐഎം വിഭാഗീയതയിൽ സൈബർ ഗ്രൂപ്പുകൾക്ക് താക്കീതുമായി ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി ആര് നാസറാണ് ഗ്രൂപ്പുകൾക്ക് താക്കീത് നൽകിയത്. മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം ആദ്യം പുറത്തുവന്നത് ചെമ്പട കായംകുളം എന്ന സൈബർ ഗ്രൂപ്പിലായിരുന്നു. ഇത് പാർട്ടിക്ക് വലിയ ക്ഷീണമായെന്നാണ് വിലയിരുത്തൽ. ഇതിന് പിന്നാലെ ആലപ്പുഴയിലെ മുതിർന്ന നേതാവ് കെ എച്ച് ബാബുജാനെതിരെയും സൈബർ ഗ്രൂപ്പ് രംഗത്ത് വന്നതും വലിയ വിവാദമായിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പാർട്ടി നടപടിക്കൊരുങ്ങുന്നത്.
സോഷ്യൽ മീഡിയ ഉപയോഗിച്ച് പാർട്ടിയെ തകർക്കുന്ന പ്രധാന കേന്ദ്രമായി കായംകുളം മാറിയെന്ന് നാസർ പറഞ്ഞു. ഓരോ സഖാവിനെയും പാർട്ടി കേഡറിനെയും മോശപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഫെയ്ക്ക് ഐഡികളിലൂടെ നട്ടാൽ കുരുക്കാത്ത പ്രചാരവേലകൾ നിരന്തരമായി നടക്കുന്നു. എല്ലാവിധ സീമകളും കടന്ന ഇത്തരം പ്രവർത്തനങ്ങൾ ഇനി പറ്റില്ല. ഇതിന് സഹായം ചെയ്തു കൊടുക്കുന്നവർ അവസാനിപ്പിക്കണം. ചിലരെ കുറിച്ചുള്ള വിവരങ്ങൾ പാർട്ടി ശേഖരിച്ചു കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാനും ഒറ്റാനും ഒരാളെയും അനുവദിക്കില്ല. അടുത്തകാലത്ത് ചില പുഴുക്കുത്തുകൾ പാർട്ടിയിൽ കടന്നു കൂടിയിട്ടുണ്ട്. അവരെ ഓരോരുത്തരെയും കണ്ടുപിടിച്ചു പുറത്താക്കും. പ്രസ്ഥാനത്തെ ദുർബലപ്പെടുത്താൻ നടത്തുന്ന സമീപനങ്ങൾ അവസാനിപ്പിക്കാൻ പാർട്ടിക്ക് കഴിയും. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധമുള്ളവർക്ക് പാർട്ടിയിൽ ഇടം ഉണ്ടാവില്ലെന്നും അർ നാസർ പറഞ്ഞു.
കായംകുളത്തെ സിപിഐഎമ്മിനുള്ളിലെ അണിയറ രഹസ്യങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തെത്തുന്നത് ചെമ്പട കായംകുളം, കായംകുളം വിപ്ലവം എന്നീ ഫേസ്ബുക്ക് പേജുകളിലൂടെയാണ്. ആലപ്പുഴ ജില്ലയിലെ വിഭാഗീയതയുമായി ബന്ധപ്പെട്ടുണ്ടായ ഈ അക്കൌണ്ടുകൾക്കെതിരെ സിപിഐഎം ഏരിയ കമ്മറ്റി ആലപ്പുഴ എസ്പിക്ക് പരാതി നൽകിയിരുന്നു. ഈ എഫ്ബി അക്കൗണ്ടുകളിലൊന്നുമായി നിഖിൽ തോമസിന് ബന്ധമുണ്ടെന്ന ആരോപണവും സിപിഎം ഏരിയാ കമ്മിറ്റി ഉന്നയിച്ചിരുന്നു. പാർട്ടിയിലെ പല നേതാക്കൾക്കും നേരെ ഈ ഗ്രൂപ്പുകളിൽ നിന്ന് ആക്രമണമുണ്ടായിട്ടുണ്ട്. നഗ്ന വീഡിയോ കോൾ ചെയ്ത പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗത്തെയും ഭാര്യയെ ഉപദ്രവിച്ചതിന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിനെയും പാർട്ടി സസ്പെൻ്റ് ചെയ്യാൻ കാരണമായതും ഈ ഗ്രൂപ്പുകളാണ്.