![search icon](https://www.reporterlive.com/assets/images/icons/search.png)
കോഴിക്കോട്: ക്വാറിക്കെതിരെ നല്കിയ പരാതി പിന്വലിക്കാന് രണ്ട് കോടി രൂപ ആവശ്യപ്പെട്ട സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ സ്ഥാനത്ത് നിന്ന് നീക്കി. ബാലുശ്ശേരി മങ്കയം ബ്രാഞ്ച് സെക്രട്ടറി വി എം രാജീവനെതിരെയാണ് നടപടി. രണ്ട് കോടി കിട്ടിയാൽ ക്വാറിക്കെതിരായ വിജിലൻസ് കേസ് പിൻവലിക്കാമെന്ന് വി എം രാജീവ് ക്വാറിയുടമയുടെ പ്രതിനിധിയോട് പറയുന്നതിന്റെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. ശബ്ദരേഖ വി എം രാജീവന്റേതാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടിയെന്ന് ബാലുശ്ശേരി ഏരിയ സെക്രട്ടറി ഇസ്മയിൽ കുറുമ്പൊയിൽ റിപ്പോർട്ടറിനോട് പറഞ്ഞു.
ക്വാറിയുടെ പരിസരത്തുള്ള വി എം രാജീവന്റെയും സഹോദരന്റെയും വീടും സ്ഥലവും കൈമാറുന്നതുമായി ബന്ധപ്പെട്ട ചര്ച്ചയ്ക്കിടെ വീടും സ്ഥലവും കൈമാറുന്നതിനും നിലവിലെ പരാതികൾ പിൻവലിക്കുന്നതിനുമാണ് രണ്ട് കോടി രൂപ ആവശ്യപ്പെട്ടത്. പണം നൽകിയാൽ സ്വസ്ഥവുമായി ക്വാറി നടത്താമെന്നും രാജീവൻ ഉറപ്പ് നൽകുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്.
ഈ ക്വാറിക്കെതിരെ രാജീവന് ഉള്പ്പടെയുള്ളവര് നല്കിയ പരാതിയിൽ ഒരു വിജിലൻസ് കേസ് നിലവിലുണ്ട്. പണം നൽകിയാൽ വിജിലന്സില് മതിയായ തെളിവുകള് ഹാജരാക്കില്ലെന്നും മറ്റൊരു കൂട്ടർ മുഖാന്തരം ക്വാറി പ്രവർത്തിക്കുന്നതിൽ തടസ്സമില്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു ഹർജിയും നൽകുമെന്ന് രാജീവൻ പറഞ്ഞു. ക്വാറി പരിസരത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറാൻ കൂടിയാണ് ഈ പണമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്.