തിരുവനന്തപുരം: ഏക സിവില് കോഡ് വിഷയത്തില് സിപിഐഎം നടത്തുന്ന സെമിനാറില് ക്ഷണിച്ചാല് പോകുമെന്ന് സമസ്ത. ഏക സിവില് കോഡില് സെമിനാര് സംഘടിപ്പിക്കുമെന്നും വര്ഗീയവാദികളെ അല്ലാത്ത എല്ലാവരെയും പങ്കെടുപ്പിക്കുമെന്നും എംവി ഗോവിന്ദന് പറഞ്ഞതിനു പിന്നാലെയാണ് സമസ്ത നേതാവ് നാസര് ഫൈസി കൂടത്തായി റിപ്പോര്ട്ടറിനോട് നിലപാട് വ്യക്തമാക്കിയത്.
ഏക സിവില് കോഡ് വിഷയത്തില് മുസ്ലീം ലീഗുമായി യോജിക്കുന്നതില് പ്രശ്നമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞിരുന്നു. യുസിസിയുടെ കാര്യത്തില് കോണ്ഗ്രസ് പല തട്ടിലാണ്. ഏക സിവില് കോഡ് വിഷയത്തില് ലീഗുമായി യോജിക്കുന്നതില് പ്രശ്നമില്ല. അതൊരു രാഷ്ട്രീയ മുന്നണിയല്ല. ലീഗ് യുഡിഎഫിന്റെ ഭാഗമാണ്. അവരുമായി എങ്ങനെ സഖ്യമുണ്ടാക്കും ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള് അതിനെ സ്വാഗതം ചെയ്യാറുണ്ടെന്നും എം വി ഗോവിന്ദന് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.
ഏക സിവില് കോഡിനെ ശക്തമായി എതിര്ക്കേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില് നടപ്പാക്കാനാകില്ല. ഇതിനെതിരെ സംസ്ഥാനതല സെമിനാര് കോഴിക്കോട് നടത്തും. വര്ഗീയ വാദികള് അല്ലാത്ത എല്ലാവരെയും പങ്കെടുപ്പിക്കും. സമസ്ത ഉള്പ്പടെ ആരെയും ക്ഷണിക്കാം. ഇതില് ആര് യോജിച്ച് വരുന്നതിലും തെറ്റില്ല. രാഷ്ട്രീയ പാര്ട്ടിയെ അല്ല ക്ഷണിക്കുന്നത്. താഴെ തലം വരെ യുസിസിക്ക് എതിരെ പ്രചാരണം നടത്തും. മണിപ്പൂര് വിഷയത്തില് 140 മണ്ഡലങ്ങളില് കാമ്പെയിന് നടത്തും. 15നകം വില്ലേജ് തലത്തില് പരിപാടികള് നടത്തുമെന്നും എം വി ഗോവിന്ദന് അറിയിച്ചു.