മുതിർന്നവർക്കും ജനന സർട്ടിഫിക്കറ്റിൽ ഒറ്റത്തവണ പേര് തിരുത്താം; ഉത്തരവിറക്കി സർക്കാർ

വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്എസ്എൽസി ജനന സർട്ടിഫിക്കറ്റുകളിലെ പേര് വ്യത്യാസം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു

dot image

തിരുവനന്തപുരം: മുതിർന്നവർക്കും ജനന സർട്ടിഫിക്കറ്റിൽ ഇനി ഒറ്റത്തവണ പേര് തിരുത്താൻ അവസരമൊരുക്കി സർക്കാർ ഉത്തരവ്. സ്കൂൾ പ്രവേശന രജിസ്റ്ററിലും എസ്എസ്എൽസി ബുക്കിലും ഗസറ്റ് വിജ്ഞാപനം വഴി മാറ്റിയ പേര് ജനന സർട്ടിഫിക്കറ്റിലും ജനന രജിസ്റ്ററിലും തിരുത്താം. പുതിയ ഉത്തരവ് പ്രകാരം തിരുത്തി നൽകുന്ന ജനന സർട്ടിഫിക്കറ്റിലെ അഭിപ്രായക്കുറിപ്പിൽ നടപടിക്രമത്തിന്റെ വിവരം രേഖപ്പെടുത്താനും നിർദേശമുണ്ട്.

വിദേശയാത്ര, തൊഴിൽ തുടങ്ങിയ ആവശ്യങ്ങൾക്ക് എസ്എസ്എൽസി ജനന സർട്ടിഫിക്കറ്റുകളിലെ പേര് വ്യത്യാസം ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കാർ തീരുമാനമെടുത്തതെന്ന് പുതിയ ഉത്തരവിൽ പറയുന്നു.

നേരത്തെ അഞ്ച് വയസ് കഴിഞ്ഞാൽ ജനന രജിസ്റ്ററിൽ പേര് തിരുത്താൻ അനുവാദമുണ്ടായിരുന്നില്ല. ഗസറ്റ് വിജ്ഞാപനം വഴി പേര് തിരുത്തിയാലും ജനന സർട്ടിഫിക്കറ്റിൽ തിരുത്താൻ സാധിച്ചിരുന്നില്ല. ഇതിനാണ് മാറ്റം വരുന്നത്. അതേസമയം അക്ഷരത്തെറ്റ് തിരുത്താനാണെങ്കിൽ നേരിട്ട് ജനന സർട്ടിഫിക്കറ്റിൽ തിരുത്താമെന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. നേരിട്ട് തിരുത്തിയ ശേഷം സ്കൂൾ രേഖയിലും ഒറ്റത്തവണ തിരുത്തൽ വരുത്താം. ഇത് ഗസറ്റിൽ പേര് തിരുത്തി പ്രസിദ്ധീകരിക്കേണ്ടതില്ലെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

dot image
To advertise here,contact us
dot image