തിരുവനന്തപുരം : സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കണ്ണൂരും ഇടുക്കിയിലും എറണാകുളത്തും ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എന്നാൽ മറ്റ് ജില്ലകളിലും ശക്തമായ മഴയാണ്. തീരമേഖലയിൽ കടൽക്ഷോഭ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ജില്ലകളിൽ കൺട്രോൾ റൂമുകൾ തുറന്നു. ആലപ്പുഴയിൽ പെയ്യുന്ന കനത്ത മഴയിൽ വൻ നാശനഷ്ടം. ചേർത്തലയിൽ ഇന്ന് ഇതുവരെ രേഖപ്പെടുത്തിയത് 151മി.മീ മഴയാണ്. വേലിയേറ്റം തുടരുന്നതിനാൽ തീരപ്രദേശങ്ങളിൽ പൊഴിമുഖങ്ങൾ മുറിക്കാനായില്ല. അച്ചൻകോവിൽ, മണിമല, പമ്പ നദികളിലെ ജലനിരപ്പ് നേരിയ തോതിൽ ഉയരുന്നു. ജില്ലയിൽ 45 വീടുകൾക്ക് ഭാഗികമായി നാശ നഷ്ടം സംഭവിച്ചു. മഴയിലും കാറ്റിലും നിരവധി മരങ്ങൾ കടപുഴകി വീണു. ദേശീയ പാത നിർമ്മാണം നടക്കുന്നയിടങ്ങളിൽ റോഡിൽ വെള്ളകെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഹരിപ്പാട്, ചേർത്തല മേഖലകളിൽ വെള്ളക്കെട്ട് ശക്തമാണ്.
ആലപ്പുഴയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. തീരദേശ മേഖലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യ ബന്ധനത്തിന് പോകുന്നതിനും വിലക്കുണ്ട്. വിവിധ സ്ഥലങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. ജില്ലയിൽ ഇന്നും നാളെയും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇന്നലെ മാത്രം ജില്ലയിൽ ലഭിച്ചത് 84 മി.മീ മഴയാണ്. മഴ തുടർന്നാൽ കുട്ടനാടൻ മേഖലകളിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. തീരദേശ മേഖലകളിൽ കടലാക്രമണ ഭീഷണിയും നിലനിൽക്കുന്നു. മുൻകരുതൽ എന്ന നിലയിൽ ജില്ലയിൽ ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു. തോട്ടപ്പള്ളിയിൽ പൊഴി മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ കടലിൽ വീണ് ഇതര സംസ്ഥാന തൊഴിലാളിയെ കാണാതായി. ബിഹാർ സ്വദേശി രാജ് കുമാറിനെയാണ് കാണാതായത്. ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. രാജ് കുമാറിനായി ഫയർഫോഴ്സും പൊലീസും തിരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്തുടനീളം അതിശക്തമായ മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ പ്രതികരണ സംവിധാനങ്ങളുടെ ക്ഷമത വിലയിരുത്താനായി റവന്യു മന്ത്രി കെ രാജൻ ഉന്നത തല യോഗം വിളിച്ചു. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ലാൻ്റ് റവന്യു കമീഷണറേറ്റിലാണ് യോഗം. ഓൺലൈനായി ചേരുന്ന യോഗത്തിൽ ജില്ലാ കളക്ടർ, ആർഡിഒ, തഹസിൽദാർ എന്നീ തലങ്ങളിലുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും.
തിരുവനന്തപുരത്തും മഴ വലിയ നാശനഷ്ടമാണ് ഉണ്ടാക്കുന്നത്. കനത്ത മഴയിലും കാറ്റിലും ചിറയിൻകീഴ് അഴൂർ ഗവ. ഹൈസ്കൂൾ വളപ്പിലെ മരം കടപുഴകി വീണു. സ്കൂളിൻെറ മതിലിലേക്കാണ് മരം വീണത്. ക്ലാസുകൾ നടക്കുന്നതിനിടെയായിരുന്നു അപകടം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായി. മൂന്ന് മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെടുകയായിരുന്നു. വെങ്ങാനൂരിലും മരം കടപുഴകി. മരം വീണ് വൈദ്യുതി കമ്പികൾ പൊട്ടിയതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലായി.
കൊല്ലം തെക്കുംഭാഗത്ത് വീട്ടിലേക്ക് മരം വീണു. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് മരം മുറിച്ച് മാറ്റിയത്. കുണ്ടറയിൽ മരം വീണ് വീട് തകർന്നു. കാഞ്ഞിരോട് കോട്ടയ്ക്കകം സങ്കീർത്തനത്തിൽ സണ്ണിയുടെ വീടാണ് തകർന്നത്. പുനലൂർ കുന്നിക്കോട് വീടിനു മുകളിലേക്ക് മരം വീണ് അബ്ദുൾ സലാമിന്റെ വീട് ഭാഗികമായി തകർന്നു. കൊല്ലം ചെങ്കോട്ട പാതയിൽ മരം വീണ് അപകടമുണ്ടായി. ഇതോടെ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അഴീക്കലിൽ കക്ക വാരികയായിരുന്ന തൊഴിലാളിയുടെ ചെറുവള്ളം മുങ്ങി. ക്ലാപ്പന സ്വദേശി ബാബു നീന്തി രക്ഷപ്പെട്ടു.
തീരമേഖലയിൽ ശക്തമായ കടൽക്ഷോഭവും കാറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ മത്സ്യ ബന്ധത്തിനായ് പോയ വള്ളങ്ങളെ തിരിച്ച് വിളിച്ചു. കോസ്റ്റൽ പൊലീസ് കടലിൽ തിരച്ചിൽ നടത്തുകയാണ്.
പത്തനംതിട്ടയിൽ കനത്ത മഴ തുടരുകയാണ്. മഴ ശക്തമായതോടെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ ആശങ്കയിലാണ്. പമ്പ- അച്ചൻകോവിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നു. പമ്പാ നദിയിലെ അരയാഞ്ഞിലിമൺ, മുക്കം കോസ് വേകൾ മുങ്ങി. കുറുമ്പൻമുഴി കോസ് വേയിൽ വെള്ളം കയറിയതിനാൽ 250 ഓളം വീടുകൾ ഒറ്റപ്പെട്ടു. റാന്നി ളാഹ മേഖലയിൽ കനത്ത മഴ തുടരുകയാണ്. കോട്ടാങ്ങലിൽ കിണർ ഇടിഞ്ഞു താണു. ഒമ്പതാം വാർഡിലെ താമസക്കാരൻ ജോസഫിന്റെ വീട്ടുപരിസരത്തെ കിണറാണ് ഇടിഞ്ഞത്.
എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. എല്ലാ മഴയിലും കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ വെള്ളക്കെട്ടുണ്ടാകുന്നത് പതിവാണ്. പാലാരിവട്ടത്ത് റോഡിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് വടകര പുറങ്കരയിൽ ശക്തമായ മഴയിൽ വീട് തകർന്നു. പുറങ്കര വയൽ വളപ്പിൽ സഫിയയുടെ വീടാണ് തകർന്നത്. ഒരാൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെട്ടു.
ട്രാക്കിൽ മരം വീണ് വൈദ്യുത ലൈൻ തകരാറിലായതോടെ മെമു സർവീസുകൾ റദ്ദാക്കി. കൊല്ലം - പുനലൂർ, പുനലൂർ-കൊല്ലം മെമു സർവ്വീസുകൾളാണ് റദ്ദാക്കിയത്. ഉരുൾപൊട്ടൽ ഭീഷണിയുള്ള മലയോരമേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. ഏഴ് മണി മുതൽ രാവിലെ ഏഴ് മണി വരെ അടിയന്തര യാത്രകൾ അല്ലാത്തവ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു.
പത്തനംതിട്ട കണ്ട്രോള് റൂം നമ്പരുകള്
ജില്ലാ എമര്ജന്സി ഓപ്പറേഷന്സ് സെന്റര് : 0468 2322515, 8078808915
ടോള്ഫ്രീ നമ്പര് : 1077
താലൂക്ക് ഓഫീസ് അടൂര് : 04734 224826.
കോഴഞ്ചേരി : 0468 2222221
കോന്നി : 9446318980
റാന്നി : 0473 5227442
മല്ലപ്പള്ളി : 0469 2682293
തിരുവല്ല : 0469-2601303
കാസർകോട് കൺട്രോൾ റൂം നമ്പറുകൾ
കളക്ടറേറ്റ് : 04994 257700, 9446601700
താലൂക്ക് കൺട്രോൾ റൂം
കാസർഗോഡ് : 04994-230021, 9447030021
മഞ്ചേശ്വരം : 04998 244044, 8547618464
ഹോസ്ദുർഗ് : 04672 204042, 9447494042
വെള്ളരിക്കുണ്ട് : 04672 242320, 8547618470
ഇടുക്കി ജില്ലയിലെ കൺട്രോൾ റൂം നമ്പറുകൾ
ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ നമ്പർ : 9383463036, 04862 233111, 04862 233130
ഇടുക്കി : 04862 235861
തൊടുപുഴ : 04862 222503
പീരുമേട് : 04869 232077
ഉടുമ്പൻചോല : 04868 232050
ദേവികുളം : 04865 264231