വിമാന നിരക്ക് കുതിച്ചുയരുന്നു; കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

'യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണം'

dot image

തിരുവനന്തപുരം: സംസ്ഥാനത്തേക്കുളള വിമാനങ്ങളുടെ നിരക്ക് വർദ്ധനവിൽ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനങ്ങളുടെ നിരക്ക് കുറയ്ക്കാൻ കേന്ദ്രം അടിയന്തരമായി ഇടപെടണം. ഓണം സീസണിൽ പ്രവാസികൾ ധാരാളമായി കേരളത്തിലേക്ക് വരുന്ന സമയമാണ്. ആഘോഷങ്ങൾക്കായി നാട്ടിലെത്താനാഗ്രഹിക്കുന്ന പ്രവാസികൾക്കും മറ്റ് സംസ്ഥാനങ്ങളിലുളള മലയാളികൾക്കും കനത്ത ആഘാതമാണ് ഈ വർധന എന്നും മുഖ്യമന്ത്രി കത്തിലൂടെ പറഞ്ഞു.

കുതിച്ചുയരുന്ന ഫ്ലൈറ്റ് നിരക്ക് കാരണം പലരും കേരളത്തിലേക്കുള്ള യാത്രകൾ മാറ്റിവെക്കുന്ന സാഹചര്യം വന്നിരിക്കുന്നു. ആവശ്യമെങ്കിൽ ആഗസ്ത് 15 മുതൽ സെപ്തംബർ 15 വരെയുള്ള ഒരു മാസം യുഎഇയിൽ നിന്നും പ്രത്യേക ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

വിഷു, പെരുന്നാൾ സീസണിലും വിമാന നിരക്ക് കുത്തനെ ഉയർന്നിരുന്നു. യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ശരാശരി 7000 രൂപയ്ക്ക് ലഭിച്ചിരുന്ന ടിക്കറ്റ് വിഷുവിനോട് അടുത്ത ദിവസങ്ങളിൽ 15000 രൂപയായി ഉയർന്നിരുന്നു. ചെറിയ പെരുന്നാൾ സീസണായതോടെ 20000 രൂപയിലേക്ക് നിരക്ക് വർധിച്ചിരുന്നു. ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുളള വിമാന ടിക്കറ്റ് നിരക്കിൽ അന്ന് വർധനയുണ്ടായിരുന്നു.

വിമാന ടിക്കറ്റ് നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലേക്ക് മിതമായ നിരക്കിൽ ചാർട്ടേഡ് വിമാനങ്ങൾ സർവീസ് നടത്താൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നേരത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് അയച്ചിരുന്നു. ആഘോഷ സമയങ്ങളിലും സ്കൂൾ അവധി സമയത്തും വിമാന കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നതിനെതിരെ കേന്ദ്ര സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ വേണമെന്നും അന്ന് സംസ്ഥാന സർക്കാർ കത്തിൽ ആവശ്യപ്പെട്ടിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us