കോഴിക്കോട് : സിപിഐഎമ്മിന്റെ ഏക സിവിൽ കോഡ് സെമിനാറിലേക്കുള്ള ക്ഷണത്തിൽ തീരുമാനം ഉടനെടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ചിന്തിച്ച് ഉടൻ തീരുമാനമെടുക്കും. രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണോയെന്ന് പരിശോധിക്കുമെന്നും പിഎംഎ സലാം പറഞ്ഞു. യുഡിഎഫിലെ ഘടകകക്ഷിയാണ് മുസ്ലിം ലീഗെന്നതിനാൽ അത് മുൻ നിർത്തി മാത്രമായിരിക്കും തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഐഎമ്മിൽ നിന്ന് ക്ഷണം ലഭിച്ചുവെന്ന് റിപ്പോർട്ടർ ടിവിയോട് പി എം എ സലാം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടാണ് സിപിഐഎം ഔദ്യോഗികമായി ക്ഷണിച്ചതെന്ന് പിഎംഎ സലാം പറഞ്ഞു. ഇതൊരു രാഷ്ട്രീയ വിഷയമാണ്. സിപിഐഎം സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാത്തത് വിഷയമല്ല. ഈ വിഷയത്തിൽ മുസ്ലിംലീഗിൽ ഭിന്നതയില്ലെന്നും യുഡിഎഫുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും പിഎംഎ സലാം പറഞ്ഞു.
സെമിനാറിലേക്ക് മുസ്ലിംലീഗിനെ ക്ഷണിക്കുമെന്ന് സിപിഐഎം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലീഗിന്റെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. ലീഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും കോൺഗ്രസ് പങ്കെടുത്താൽ സെമിനാറിന്റെ ഉദ്ദേശശുദ്ധി സംശയിക്കപ്പെടുമെന്നും സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ റിപ്പോർട്ടറിനോട് പറഞ്ഞു. ഏക സിവിൽ കോഡിനെതിരെ വിവിധ പാർട്ടികൾ സംസ്ഥാനത്ത് സെമിനാറുകൾ സംഘടിപ്പിക്കുന്നുണ്ട്.
ലീഗിന് തൊട്ടുകൂടായ്മയുണ്ടെന്ന് മുഖ്യധാര പാർട്ടികൾ പറഞ്ഞിട്ടില്ല. എല്ലാവരും പറയുന്നത് മതേതര പാർട്ടിയാണെന്നാണ്. ഇതിൽ സന്തോഷമുണ്ട്. സിപിഐഎമ്മിന് ഇരട്ട മുഖമാണെന്നും കപടമുഖമാണെന്നുമുള്ള ഇ ടി മുഹമ്മദ് ബഷീറിന്റെ അഭിപ്രായം ശരിയാണ്. അതുകൊണ്ടാണ് ലീഗ് നിരന്തരമായി സമരം ചെയ്യുന്നതെന്നും പി എം എ സലാം പറഞ്ഞു. ഏക സിവിൽ കോഡ് ഒരു മതത്തെ മാത്രം ബാധിക്കുന്ന വിഷയമല്ല, രാജ്യത്തെ മൊത്തം വിശ്വാസികളെയും ബാധിക്കുന്ന വിഷയമാണ്. ഏക സിവിൽ കോഡിനെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.