കോഴിക്കോട്: മറുനാടന് മലയാളി ഓണ്ലൈനിനെതിരെ രൂക്ഷവിമര്ശനവുമായി മുസ്ലിം ലീഗ്. മറുനാടന് മലയാളിയുടെ പല റിപ്പോര്ട്ടുകളും മതസ്പര്ധ വളര്ത്തുന്നതാണെന്ന് ജനറല് സെക്രട്ടറി പിഎംഎ സലാം പറഞ്ഞു.
യാഥാര്ത്ഥ്യവുമായി ബന്ധമില്ലാത്ത പല വാര്ത്തകളും മറുനാടന് പ്രസിദ്ധീകരിക്കാറുണ്ട്. അന്നൊക്കെയും സര്ക്കാര് നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ജനങ്ങള്ക്കിടയില് വിദ്വേഷം വളര്ത്തുന്ന പ്രചാരണം ഒരു മാധ്യമത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാന് പാടില്ലെന്നും പിഎംഎ സലാം പറഞ്ഞു.
മറുനാടന് ഒരു മാധ്യമം ആണ് എന്ന് പോലും ആരും കരുതുന്നില്ല. യൂട്യൂബ് ചാനല് തുടങ്ങി വായില് തോന്നിയത് പറയുന്നു. അത് അംഗീകരിക്കപ്പെട്ട ഒരു മാധ്യമം അല്ല. പല വെളിപ്പെടുത്തലും പ്രസ്താവനകളും ഇടപെടലും സാമൂഹിക അന്തരീക്ഷത്തില് വിഷം കലര്ത്താന് ഉദ്ദേശിച്ചിട്ടുള്ളതായിരുന്നുവെന്ന ഉറച്ച വിശ്വാസം മുസ്ലിം ലീഗിനുണ്ടെന്നും പിഎംഎ സലാം വിമര്ശിച്ചു. മുസ്ലിം ലീഗിന് മറുനാടനെ സംരക്ഷിക്കേണ്ട ബാധ്യതയില്ല. എന്നാല് കേസിന്റെ പേരില് ആ സ്ഥാപനത്തിലെ ജീവനക്കാരുടെ വീട്ടില് റെയ്ഡ് നടത്തുന്നതിനോട് യോജിക്കാന് കഴിയില്ലെന്നും പിഎംഎ സലാം പറഞ്ഞു.