'സാംസ്കാരിക സ്ഥാപനങ്ങളിലെ നിയന്ത്രണം കോൺഗ്രസ് കാലത്ത് തുടങ്ങിയത്'; പുതുമയില്ലെന്ന് സച്ചിദാനന്ദൻ

സ്വയം ഭരണാധികാരമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലാണ് സർക്കാരിന്റെ ഇടപെടൽ

dot image

തൃശൂർ: സാംസ്കാരിക സ്ഥാപനങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരുന്നത് ആദ്യമായല്ലെന്ന് സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ. സർക്കാറിന്റെ ഇടപെടൽ കാണിച്ചുകൊണ്ടുള്ള ഉത്തരവ് കോൺഗ്രസ് കാലത്ത് തുടങ്ങിയതാണ്. അക്കാദമിയുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരു പരിപാടിക്കും സർക്കാരിന്റെ അനുവാദം ഇന്നേവരെ വാങ്ങിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ ഉത്തരവിൽ ഒരു പുതുമയുമില്ലെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു. സ്വയംഭരണ സ്ഥാപനങ്ങളായ അക്കാദമികളുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തുന്നതാണ് ഉത്തരവ് എന്ന് വിമർശനങ്ങൾ ഉയരുന്നിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിദാനന്ദൻറെ പ്രതികരണം.

സാംസ്കാരിക വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പോലും മാർഗ്ഗനിർദ്ദേശം നൽകുന്നതാണ് പുതിയ ഉത്തരവ്. സ്വയം ഭരണാധികാരമുള്ള സാംസ്കാരിക സ്ഥാപനങ്ങളിലാണ് സർക്കാരിന്റെ ഇടപെടൽ. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐഎഎസ് ആണ് സാംസ്കാരിക സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകികൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. സ്ഥാപനങ്ങളുടെ മികച്ച പ്രവർത്തനമാണ് ലക്ഷ്യം വെക്കുന്നതെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു.

സാംസ്ക്കാരിക സ്ഥാപനങ്ങളിൽ തീരുമാനങ്ങൾ എടുക്കാനുള്ള യോഗങ്ങൾ ചേരുമ്പോൾ സാംസ്കാരിക വകുപ്പ് സെക്രട്ടറിയുടെയോ പ്രതിനിധിയുടെയോ സാന്നിധ്യം ഉറപ്പാക്കുന്ന രീതിയിൽ യോഗം ക്രമീകരിക്കണം, നിയമസഭ സമ്മേളനം, വർക്കിംഗ് ഗ്രൂപ്പ് എന്നിവ ചേരുന്ന സമയങ്ങളിൽ യോഗങ്ങൾ ഒഴിവാക്കണം, യോഗ തീയതിക്ക് മുൻപ് വിശദമായി അജണ്ട അറിയിക്കണമെന്നും ഉത്തരവിൽ ആവശ്യപ്പെടുന്നു.

യോഗത്തിൽ ഔട്ട് ഓഫ് അജണ്ട ആയി ഒന്നും വരാൻ പാടില്ല, മിനിറ്റ്സ് പത്തു ദിവസത്തിനകം സർക്കാരിന് ലഭ്യമാക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പരിപാടികളുടെ ത്രൈ മാസ കലണ്ടർ തയ്യാറാക്കി അംഗീകാരത്തിനു സമർപ്പിക്കണം, സാമ്പത്തിക അച്ചടക്കം കർശനമായി പാലിക്കണം, പരിപാടികൾ നിശ്ചയിക്കുന്നത് മന്ത്രിയുടെ സൗകര്യം കണക്കിലെടുത്തു കൂടി ആവണം എന്നും ഉത്തരവിൽ പറയുന്നു.

അനാവശ്യ ചെലവുകൾ ഉണ്ടാക്കുന്ന പ്രസിദ്ധീകരണ നടപടികൾ ഒഴിവാക്കണം എന്നും ഉത്തരവ് വ്യക്തമാക്കുന്നുണ്ട്. അടുത്ത കാലങ്ങളിൽ അക്കാദമിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് കർശന ഉത്തരവ് ഇറക്കിയത്.

അക്കാദമികളിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി പൂരക്കളി അക്കാദമി ചെയർമാൻ കെ കുഞ്ഞിരാമൻ രംഗത്തെത്തിയിരുന്നു. ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പുറത്തു വന്ന വാർത്ത കൃത്യമാണെങ്കിൽ സർക്കാർ തീരുമാനം ശരിയല്ല. പൊതു സ്ഥാപനം എന്ന നിലയിൽ വിലക്കായിരിക്കും പിന്നീട് ഉണ്ടാവുകയെന്നും മുൻ എംഎൽഎ കൂടിയായ കെ കുഞ്ഞിരാമൻ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us