തിരുവനന്തപുരം: ഏക സിവിൽ കോഡിലെ സിപിഐഎം സെമിനാറിൽ മുസ്ലിം ലീഗ് പങ്കെടുക്കില്ലെന്ന തീരുമാനത്തിൽ വിഷമമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ക്ഷണിക്കുക മാത്രമാണ് സിപിഐഎമ്മിൻ്റെ മര്യാദ, അതില് തീരുമാനമെടുക്കുക ലീഗിൻ്റെ അവകാശമാണെന്നും മന്ത്രി പ്രതികരിച്ചു. യുഡിഎഫിലെ പ്രധാനകക്ഷി എന്ന നിലയിലാണ് ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതെന്നും തീരുമാനിക്കാനുള്ള അവകാശം ലീഗിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിന് ആലോചിക്കാൻ ഇനിയും സമയമുണ്ട്. ഏക സിവില് കോഡില് കോൺഗ്രസ് ഉറച്ച നിലപാട് സ്വീകരിച്ചിട്ടില്ല. കോൺഗ്രസ് നിലപാട് ലീഗ് പഠിക്കണം. കോൺഗ്രസിൻ്റെ കുഴിയിൽ ലീഗ് ചാടരുതെന്നും ശിവന്കുട്ടി പറഞ്ഞു.
അതേസമയം ലീഗിൻ്റെ തീരുമാനത്തോടൊപ്പം കേരളത്തിലെ മുസ്ലിം സമൂഹം നിൽക്കില്ലെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ലീഗ് കോൺഗ്രസിൻ്റെ ബലിയാടായെന്നും അദ്ദേഹം പറഞ്ഞു. സെമിനാറിന് ഇല്ലെന്ന് മുസ്ലിം ലീഗ് പറഞ്ഞത് യുഡിഎഫിൻ്റെ രാഷ്ട്രീയ തീരുമാനത്തിൻ്റെ ഭാഗമാണെന്നും മുന് മന്ത്രി കൂട്ടിച്ചേർത്തു.
'മത ന്യൂനപക്ഷങ്ങളിൽ പ്രധാനപ്പെട്ട വിഭാഗമായതുകൊണ്ടാണ് ലീഗിനെ ക്ഷണിച്ചത്. കോൺഗ്രസിന്റെ ബലിയാടായി മാറുന്നത് ലീഗ് മനസിലാക്കണം. അല്ലെങ്കിൽ അപകടമാണ്. യുഡിഎഫിന് നേതൃത്വം കൊടുക്കുന്ന പ്രധാന പാർട്ടി എന്ന നിലയിൽ സെമിനാറിൽ കോൺഗ്രസ് പങ്കെടുക്കേണ്ടതായിരുന്നു. പക്ഷെ സിവിൽ കോഡ് വിഷയത്തിൽ അവർക്ക് ദേശീയ നയം ഇല്ല. പ്രതിഷേധത്തിനെത്തിയാലും അവർ പാതിവഴിയിൽ നിർത്തി പോകും. അതിനാൽ കോൺഗ്രസിനെ വിളിക്കുന്നതിൽ അർത്ഥമില്ല', എ കെ ബാലൻ പറഞ്ഞു.