തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. ദിവസങ്ങളായി തുടരുന്ന മഴയ്ക്കാണ് ശക്തി കുറയുന്നത്. ഇന്ന് എവിടെയും മഴ മുന്നറിയിപ്പുകളില്ല. വടക്കൻ ജില്ലകളില് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളിൽ അതീവജാഗ്രത തുടരണം. തീരപ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധപുലര്ത്തണം. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. നിലവിൽ ജൂലൈ 12ന് മാത്രമാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് 12ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
കോട്ടയം ജില്ലയിൽ മഴ കുറഞ്ഞു. മലയോര മേഖലകളിലടക്കം മഴ മാറി നിൽക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് രണ്ടടിയിലേറെ താഴ്ന്നു. ക്യാമ്പുകളിൽ കഴിയുന്നവർ ഇന്ന് മുതൽ വീടുകളിലേക്ക് മടങ്ങാൻ തയ്യാറെടുക്കുകയാണ്. കോട്ടയത്ത് 75 ക്യാമ്പുകളിലായി അറുന്നൂറിൽ പരം കുടുംബങ്ങൾ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജില്ലയിലെവിടെയും അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.