പെയ്തു തോരാതെ ഓര്മ്മകള്; വിക്ടർ ജോർജ് മഴയില് മറഞ്ഞിട്ട് 22 വർഷം

പൊട്ടിയൊലിച്ചു വന്ന ഉരുൾ ഒരുപക്ഷേ വിക്ടർ കണ്ടുകാണില്ല

dot image

കോട്ടയം: മഴയേയും അതിന്റെ തീവ്രഭാവത്തേയും ക്യാമറയിൽ ഒപ്പിയെടുത്ത വിക്ടർ ജോർജ് ഓർമ്മകളുടെ ഫ്രെയിമിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് 22 വർഷം. അത്രമേൽ ദൃശ്യഭംഗി സമ്മാനിച്ച വിക്ടർ ജോർജിനെ ഓരോ മഴക്കാലത്തും ഒരു നൊമ്പരമായി മലയാളികൾ ഓർക്കും. മഴയെ ഇത്രയധികം പ്രണയിച്ച ഫോട്ടോഗ്രാഫർ ഒരുപക്ഷേ മലയാളികൾക്കിടയിലുണ്ടാകില്ല. 2001 ജൂലൈ ഒമ്പതിന് പ്രകൃതിക്ഷോഭത്തിന്റെ ചിത്രം പകർത്തുന്നതിനിടെ ഉരുൾപൊട്ടലിൽപെട്ടാണ് വിക്ട്ർ ജോർജ് മരിച്ചത്.

അന്ന്, ജൂലൈയിലെ ആ പെരുമഴക്കാലത്ത് ഇടുക്കിയിലെ വെള്ളിയാനി മലയിലെ ഉരുൾപൊട്ടലിന്റെ ചിത്രങ്ങള് പകര്ത്താനായിരുന്നു വിക്ടർ ജോർജ് യാത്ര തിരിച്ചത്. വിക്ടറിന്റെ ജീവിതത്തിന്റെ അവസാന ഫ്രെയിമിലേക്കുള്ള യാത്രയായിരുന്നു അത്.

തോരാതെ പെയ്ത മഴയും ഉരുൾപൊട്ടലുമെല്ലാം അദ്ദേഹത്തിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. മഴയുടെ രൗദ്രഭാവങ്ങൾ പകർത്തിയ വിക്ടർ ജോർജ് ഉരുൾപൊട്ടുന്നതിന്റെ ഉറവിടം തേടി കുന്ന് കയറി. ഉരുൾപൊട്ടിയ വഴിയിലൂടെയായിരുന്നു വിക്ടർ നടന്നത്. നിമിഷങ്ങൾക്കകം പൊട്ടിയൊലിച്ചു വന്ന ഉരുൾ ഒരുപക്ഷേ വിക്ടർ കണ്ടുകാണില്ല. കുത്തിയൊലിച്ച് വന്ന കല്ലും വെളളവും നിറഞ്ഞ ഉരുളിലേക്ക് വിക്ടർ മറിഞ്ഞു വീണു.

മണ്ണിനടിയിൽപെട്ട് കാണാതായ വിക്ടർ ജോർജിന്റെ മൃതശരീരം രണ്ടാം ദിവസമാണ് കണ്ടെത്തിയത്. സമീപത്ത് നിന്ന് വിക്ടറിന്റെ സന്തത സഹചാരിയായിരുന്ന നിക്കോൺ എഫ്ഐ ക്യാമറയും കണ്ടെടുത്തിരുന്നു. മരണശേഷം വിക്ടറിന്റെ മഴചിത്രങ്ങളുടെ ആൽബം പുറത്തിറക്കി മനോരമ ആ അതുല്യ ഫോട്ടോഗ്രാഫർക്ക് സ്മാരകം ഒരുക്കി.

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന്റെ ചരിത്രശേഖരമായ, വാഷിങ്ടണിലെ 'ന്യൂസിയ'ത്തിലെ ജേണലിസ്റ്റ് മെമ്മോറിയൽ വോളിൽ വിക്ടർ ജോർജിനും ഒരിടമുണ്ട്. ജോലിക്കിടെ മരണം കവർന്ന മാധ്യമപ്രവർത്തകർക്ക് ആദരമർപ്പിച്ചുള്ളതാണ് 'ന്യൂസിയ'ത്തിലെ ആ മെമ്മോറിയൽ വോൾ. 'ഇറ്റ്സ് റെയ്നിങ്' എന്ന് പേരിട്ട വിക്ടറിന്റെ മഴച്ചിത്രങ്ങളുടെ പുസ്തകം അദ്ദേഹത്തിന്റെ മരണശേഷം പ്രസിദ്ധീകരിച്ചിരുന്നു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദമെടുത്ത വിക്ടറിന്റെ മകൻ നീൽ വിക്ടറും ഫോട്ടോഗ്രാഫറാണ്.

dot image
To advertise here,contact us
dot image