ബെംഗളുരു : കേരളത്തിലേക്ക് പോകാനുള്ള അനുമതിക്കായി അബ്ദുൾ നാസർ മഅ്ദനി വീണ്ടും സുപ്രീംകോടതിയിൽ. ജാമ്യവ്യവസ്ഥയിൽ വീണ്ടും ഇളവ് ആവശ്യപ്പെടും. ആരോഗ്യ പ്രശ്നങ്ങൾ കോടതിയെ ധരിപ്പിക്കും. കഴിഞ്ഞ തവണത്തെ യാത്രയിൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്ന വിവരം സുപ്രീംകോടതിയെ അറിയിക്കും. കേരള പൊലീസ് സൗജന്യ സുരക്ഷ ഏർപ്പെടുത്തിയ വിവരവും സുപ്രീംകോടതിയെ അറിയിക്കും. കോടതി അനുമതിയിൽ കഴിഞ്ഞ ദിവസം പിതാവിനെ കാണാൻ കേരളത്തിലെത്തിയ മഅ്ദനിക്ക് അൻവാർശ്ശേരിയിലെ വീട്ടിൽ പോകാൻ കഴിഞ്ഞിരുന്നില്ല. ബെംഗളുരുവിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മഅ്ദനിയെ, ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സുപ്രീം കോടതി അനുവദിച്ച ജാമ്യ ഇളവ് അവസാനിച്ചതോടെയാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് തിരിച്ചുപോയത്. ജൂൺ 26ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഉയർന്ന രക്ത സമ്മർദ്ദവും കടുത്ത ഛർദ്ദിയും മൂലം അദ്ദേഹം അവശത നേരിട്ടിരുന്നു. ആരോഗ്യം മോശമായതോടെ ഡോക്ടര്മാര് യാത്ര വിലക്കി. മഅ്ദനിയെ പരിശോധിച്ച ഡോക്ടര്മാര് വിശ്രമം വേണമെന്നും യാത്ര തുടരാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു.
വിമാനമിറങ്ങി സ്വദേശത്തേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായ മഅ്ദനിയെ രാത്രി തന്നെ കൊച്ചിയിലെ മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്ദ്ദത്തിലെ ഏറ്റക്കുറച്ചിലുകളും ക്രിയാറ്റിന് അളവ് അപകടകരമായ അവസ്ഥയില് നില്ക്കുന്നതുമാണ് ആരോഗ്യാവസ്ഥ മോശമാക്കിയത്. തുടർന്ന് പിതാവിനെ കാണാൻ കഴിയാതെ മഅദനി മടങ്ങുകയായിരുന്നു.