കൊച്ചി: സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് പി വി ശ്രീനിജന് എംഎല്എയ്ക്കെതിരെ നടപടി ആരംഭിച്ച് ആദായനികുതി വകുപ്പ്. സിനിമ നിർമ്മാതാവിന് നൽകിയ വായ്പയുടെ പലിശ തൊഴിലാളികളുടെ അക്കൗണ്ടിലേയ്ക്ക് വാങ്ങി എന്ന കണ്ടെത്തലിലാണ് നടപടി. ജൂലൈ നാലിന് ആദായനികുതി വകുപ്പ് ഓഫീസിൽ വിളിച്ചുവരുത്തി നാല് മണിക്കൂറോളം ശ്രീനിജനെ ചോദ്യം ചെയ്തിരുന്നു.
2013ൽ ഒന്നര കോടിയോളം രൂപ ശ്രീനിജൻ നിർമ്മാതാവിന് നൽകിയെന്നും നിർമ്മാതാവ് മൂന്നര കോടിയോളം രൂപ പലിശയായി ശ്രീനിജന് തിരികെ നൽകിയെന്നുമാണ് കണ്ടെത്തൽ. ശ്രീനിജൻ ഡയറക്ടറായിട്ടുള്ള നഴ്സറിയിലെ തൊഴിലാളികളുടെ അക്കൗണ്ട് വഴിയാണ് പലിശ കൈപ്പറ്റിയത്. നഴ്സറിയിലെ തൊഴിലാളികളുടെയും നിർമ്മാതാവിന്റെയും മൊഴി ശ്രീനിജന് എതിരാണെന്നാണ് വിവരം.