ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി മഅ്ദനി; ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും

കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ മഅ്ദനിക്ക് കഴിഞ്ഞിരുന്നില്ല

dot image

ന്യൂ ഡൽഹി : ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി അബ്ദുൾ നാസർ മഅ്ദനി നൽകിയ ഹർജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്ന് ഹർജിയിൽ മഅ്ദനി ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ കഴിയാൻ സുപ്രീംകോടതി ഇളവ് നൽകിയെങ്കിലും പിതാവിനെ കാണാൻ മഅ്ദനിക്ക് കഴിഞ്ഞിരുന്നില്ല.

സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ട തുക താങ്ങാൻ കഴിയാത്തതിനാൽ അവസാന ഏഴ് ദിവസമാണ് കേരളത്തിലേക്ക് പോയത്. ഈ ദിവസങ്ങൾ ആശുപത്രിയിൽ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങുകയായിരുന്നു. ക്രിയാറ്റിൻ വർധിച്ചു നിൽക്കുന്നതിനാൽ കിഡ്നി മാറ്റിവയ്ക്കൽ ഉൾപ്പെടെയുള്ള ചികിത്സ വേണ്ടിവരും തുടങ്ങിയ കാര്യങ്ങൾ ഹർജിയിൽ പറയുന്നു. ജസ്റ്റിസ് എസ് ബൊപ്പണ്ണ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സുപ്രീം കോടതി അനുവദിച്ച ജാമ്യ ഇളവിൽ കേരളത്തിലെത്തിയ മഅ്ദനിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അൻവാർശേരിയിലെ വീട്ടിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ബെംഗളുരുവിൽ നിന്ന് ജൂൺ 26ന് കൊച്ചിയിലെത്തിയ മഅ്ദനിയെ ആരോഗ്യനില മോശമായതിനെ തുടർന്ന് എറണാകുളം മെഡിക്കല് ട്രസ്റ്റ് ആശുപത്രിയില് പ്രവേശിപ്പിക്കുകയായിരുന്നു. ഉയർന്ന രക്ത സമ്മർദ്ദവും കടുത്ത ഛർദ്ദിയും മൂലം അദ്ദേഹം അവശത നേരിട്ടിരുന്നു. ആരോഗ്യം മോശമായതോടെ ഡോക്ടര്മാര് യാത്ര വിലക്കി. മഅ്ദനിയെ പരിശോധിച്ച ഡോക്ടര്മാര് വിശ്രമം വേണമെന്നും യാത്ര തുടരാൻ കഴിയില്ലെന്നും അറിയിക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ കഴിഞ്ഞ മഅ്ദനി ജാമ്യയിളവ് അവസാനിച്ചതോടെ ബെംഗളൂരുവിലേക്ക് തിരിച്ചുപോയി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us