കോഴിക്കോട്: വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് നേതാക്കളെ കയ്യാമം വെച്ച സംഭവത്തില് മനുഷ്യാവകാശ കമ്മീഷന് അന്വേഷണത്തിന് ഉത്തരവിട്ടു. പ്ലസ് വണ് സീറ്റ് പ്രതിസന്ധിയില് പ്രതിഷേധിച്ച എംഎസ്എഫുകാരെ കൊയിലാണ്ടി പൊലീസാണ് കയ്യാമം വെച്ച് അറസ്റ്റ് ചെയ്തത്.
സമാധാനപരമായി സമരം ചെയ്ത പ്രവര്ത്തകരെ ഒരു പ്രകോപനവുമില്ലാതെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് എംഎസ്എഫ് നേതാക്കള് ആരോപിച്ചിരുന്നു. വിഷയത്തില് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് എംഎസ്എഫ് പരാതി നല്കിയിരുന്നു. എംഎസ്എഫ് ദേശീയ കമ്മിറ്റി ദേശീയ മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്കിയിരുന്നു.
എംഎസ്എഫ് കോഴിക്കോട് ജില്ലാ ക്യാമ്പസ് വിങ് കണ്വീനര് ടി ടി അഫ്രീന്, കൊയിലാണ്ടി മണ്ഡലം സെക്രട്ടറി സി സി ഫസീഹ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് കയ്യാമം വച്ചത്. സംഭവത്തില് എംഎസ്എഫ് കടുത്ത പ്രതിഷേധമാണ് ഉയര്ത്തിയത്.
വൈദ്യപരിശോധനക്ക് കൊണ്ടുപോകുമ്പോള് കയ്യാമം വെക്കണമെന്ന മാര്ഗനിര്ദേശം അനുസരിച്ചാണ് കയ്യാമമിട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം. എന്നാല് വൈദ്യപരിശോധനക്ക് ശേഷവും കയ്യാമമിട്ടുവെന്നാണ് വിദ്യാര്ഥികള് നല്കിയ പരാതിയില് പറയുന്നത്.