
എറണാകുളം: പറവൂരില് രോഗി മരിച്ചത് ആംബുലന്സ് എത്താന് വൈകിയതിനെത്തുടര്ന്നെന്ന് കുടുംബത്തിന്റെ ആരോപണം. വടക്കന് പറവൂര് സ്വദേശിയായ അസ്മയാണ് പനി ബാധിച്ച് മരിച്ചത്. 900 രൂപ മുന്കൂര് നല്കാത്തതിനാല് ആംബുലന്സ് എത്തിയില്ലെന്ന് കുടുംബം പറയുന്നു. ഡ്രൈവര് ആന്റണിയെ അന്വേഷണ വിധേയമായി സസ്പെന്ഡ് ചെയ്തു
കടുത്ത പനി ബാധിച്ച് ഇന്ന് രാവിലെയാണ് അസ്മയെ താലൂക്ക് ആശുപത്രിയില് പ്രവേശിപ്പിച്ചത്. നില വഷളായതോടെ എറണാകുളം ജനറല് ആശുപത്രിയിലേക്ക് മാറ്റി. കെഎല് 01 ബിഎ 5584 നമ്പര് ആംബുലന്സ് ആശുപത്രിയില് പാര്ക്ക് ചെയ്തിരുന്നു. ഈ ആംബുലന്സില് രോഗിയെ കയറ്റിയ ശേഷമാണ് ഡ്രൈവര് കൈയ്യില് എത്ര പണമുണ്ടെന്ന് ചോദിച്ചു. 700 രൂപയാണ് കുടുംബത്തിന്റെ കൈയ്യിലുണ്ടായിരുന്നത്. 900 രൂപ ആവശ്യപ്പെട്ട ഡ്രൈവര് ഇതില്ലാതെ മുന്നോട്ട് പോകില്ലെന്ന് വാശി പിടിച്ചു.
പണം ബൈക്കില് എത്തിക്കാമെന്ന് പറഞ്ഞെങ്കിലും ഡ്രൈവര് തയ്യാറായില്ല. ഈ സമയത്ത് രോഗി കൂടുതല് അവശയായി. പണം സംഘടിപ്പിച്ച് വന്ന ശേഷമാണ് ആംബുലന്സ് പുറപ്പെട്ടത്. എറണാകുളം ജനറല് ആശുപത്രിയില് എത്തിയതിന് പിന്നാലെ രോഗി മരിക്കുകയായിരുന്നുവെന്നും ബന്ധുക്കള് പറഞ്ഞു.