നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; ഇടപെട്ട് മുഖ്യമന്ത്രി, നിയന്ത്രിക്കാൻ പൊലീസും

വ്യാപാര സ്ഥാപനങ്ങളുടെ മുന്നില് വിലനിലവാര പട്ടിക നിര്ബന്ധമായും പ്രദര്ശിപ്പിക്കണം. ലീഗല് മെട്രോളജി വകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കണം.

dot image

തിരുവനന്തപുരം: നിത്യോപയോഗ സാധനങ്ങള്ക്ക് അമിത വില ഈടാക്കുന്നവർക്ക് എതിരെ കര്ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങളുടെ വിലയില് പല സ്ഥലങ്ങളില് പല വില ശ്രദ്ധയില്പെട്ട സാഹചര്യത്തില് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. ഒരേ സാധനങ്ങൾക്ക് വ്യത്യസ്ത വില ഈടാക്കുന്നതിൽ പൊലീസിൻെറ പരിശോധന വേണമെന്ന് യോഗം തീരുമാനിച്ചു.

വ്യാപാര സ്ഥാപനങ്ങളുടെ മുന്നില് വിലനിലവാര പട്ടിക നിര്ബന്ധമായും പ്രദര്ശിപ്പിക്കണം. ലീഗല് മെട്രോളജി വകുപ്പിന്റെ പരിശോധന കാര്യക്ഷമമാക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കണം. ജില്ലയിലെ പ്രധാന മാര്ക്കറ്റുകളില് കളക്ടറുടെ നേതൃത്വത്തിലുള്ള ടീം നേരിട്ട് പരിശോധനകള് നടത്തണം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിര്ത്തുന്നതില് ഹോര്ട്ടികോര്പ്പും കണ്സ്യൂമര്ഫെഡും സിവില്സപ്ലൈസും വിപണിയില് കാര്യക്ഷമമായി ഇടപെടണം. സഹകരണ ബാങ്കുകളുടെ നേതൃത്വത്തില് ഓണക്കാലത്തേക്കുള്ള മാര്ക്കറ്റുകള് നേരത്തെ ആരംഭിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വില പിടിച്ചുനിര്ത്താന് പല വകുപ്പുകൾ കാര്യക്ഷമമായി യോജിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഗുണനിലവാര പരിശോധന എല്ലാ സ്ഥലങ്ങളിലും കാര്യക്ഷമമാക്കണം. ഒരേ ഇനത്തിന് പല സ്ഥലങ്ങളില് പല വില ഈടാക്കുന്നുണ്ട് എങ്കില് ജില്ലാകളക്ടര്മാര് ചര്ച്ച ചെയ്ത് പരിഹാരം കാണണം. നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം ആഴ്ചയില് ഒരു തവണയെങ്കിലും ജില്ലാകളക്ടര്മാര് അവലോകനം നടത്തണം. സംസ്ഥാനാടിസ്ഥാനത്തില് ബന്ധപ്പെട്ട വകുപ്പു സെക്രട്ടറിമാരുടെ യോഗം 10 ദിവസത്തിലൊരിക്കല് ചേരണമെന്നും മുഖ്യമന്ത്രി നിര്ദ്ദേശിച്ചു.

യോഗത്തില് മന്ത്രിമാരായ ജി ആര് അനില്, വി എന് വാസവന്, കെ രാജന്, പി പ്രസാദ്, ചീഫ് സെക്രട്ടറി ഡോ. വി വേണു, ഭക്ഷ്യ, കൃഷി വകുപ്പു സെക്രട്ടറിമാര്, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്വേഷ് സാഹിബ്, ജില്ലാ കളക്ടര്മാര്, ജില്ലാ പൊലീസ് മേധാവികള് മറ്റ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.

dot image
To advertise here,contact us
dot image