തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ മാറ്റം വരുത്തി ഇ ശ്രീധരൻ നിർദേശിച്ച ബദൽ പദ്ധതിക്കും ഒരു ലക്ഷം കോടിയിലേറെ ചെലവുവരും. ഇപ്പോൾ വിഭാവനം ചെയ്തിരിക്കുന്ന സിൽവർ ലൈൻ പദ്ധതിക്കും ഒരു ലക്ഷം കോടിയോളം രൂപ തന്നെയാണ് ചെലവു വരിക. വേഗത കൂട്ടാൻ സ്റ്റാൻഡേഡ് ഗേജിനു പകരം ബ്രോഡ് ഗേജ് വേണമെന്നും ഇ ശ്രീധരൻ നിര്ദ്ദേശിക്കുന്നു.
കേരള സര്ക്കാര് പ്രതിനിധിയായ കെ വി തോമസിനാണ് ഇ ശ്രീധരൻ റിപ്പോര്ട്ട് സമർപ്പിച്ചത്. തന്റെ നിര്ദേശങ്ങള് അടങ്ങിയ രണ്ട് പേജ് റിപ്പോര്ട്ടാണ് നല്കിയത്. ആദ്യം സെമി സ്പീഡ് ട്രെയിൻ നടപ്പാക്കണമെന്നും പിന്നീട് മതി ഹൈ സ്പീഡ് ട്രെയിൻ എന്നും ഇ ശ്രീധരന്റെ റിപ്പോർട്ടില് പറയുന്നു. നിലവിലെ പദ്ധതി പ്രായോഗികമല്ലെന്നും ശ്രീധരൻ വ്യക്തമാക്കുന്നു. റിപ്പോര്ട്ട് മുഖ്യമന്ത്രിക്ക് സമര്പ്പിച്ചു. മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചാലുടന് തുടര് ചര്ച്ചകള് ആരംഭിക്കുമെന്ന് കെ വി തോമസ് റിപ്പോര്ട്ടറിനോട് പ്രതികരിച്ചു.
ശബരി പാത, ചെങ്ങന്നൂര്-പുനലൂര് പാത എന്നിവ സംബന്ധിച്ച് ചര്ച്ച ചെയ്തു. കെ റെയിലില് സര്ക്കാരിന് തുറന്ന മനസ്സാണെന്നും ഇ ശ്രീധരനുമായുളള ചര്ച്ച മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നുവെന്നും, പ്രശ്നങ്ങള് ചര്ച്ചയിലൂടെ പരിഹരിക്കപ്പെടണമെന്നും കെ വി തോമസ് പറഞ്ഞിരുന്നു.ഇ ശ്രീധരനെ ഒപ്പം കൂട്ടി സംസ്ഥാനത്തെ റെയിൽ വികസനത്തിലെ തടസ്സങ്ങൾ മാറ്റാനുള്ള നീക്കമാണ് സംസ്ഥാന സർക്കാർ ഇപ്പോൾ നടത്തുന്നത്.