തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി “കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ രണ്ടാം വാർഷികം” എന്ന ലോഗോ പതിച്ച് അച്ചടിച്ച 30 സാഹിത്യഗ്രന്ഥങ്ങളുടെയും വിൽപ്പന നിർത്തിവെക്കാൻ സാംസ്കാരികവകുപ്പിന്റെ നിർദേശം. പരസ്യം അച്ചടിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് നടപടി. രണ്ടാം പിണറായി വിജയന് സര്ക്കാരിന്റെ രണ്ടാം വാര്ഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള പരസ്യം സാഹിത്യരചനകളുടെ പുറംചട്ടയിൽ അച്ചടിച്ചതിൽ വൻ വിമർശനമുയർന്നിരുന്നു. വിഷയം വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി അക്കാദമി സെക്രട്ടറി സി പി അബൂബക്കറും തള്ളിപ്പറഞ്ഞ് പ്രസിഡന്റ് സച്ചിദാനന്ദനും രംഗത്തുവന്നതോടെ വിവാദം കൊഴുത്തു.
രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെ പേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്ന് മനസ്സിലാവുന്നില്ലെന്ന് സി പി അബൂബക്കര് ഫേസ്ബുക്കില് കുറിച്ചു. എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില് ഏതെങ്കിലും തരത്തിലുള്ള ചര്ച്ചയോ തര്ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്ന നിലയിലാണ് അതു ചെയ്തത്. ചിലസുഹൃത്തുക്കള് ഒരു മഹാപാതകമെന്ന നിലയില് സോഷ്യല്മീഡിയയില് ഇതുചര്ച്ച ചെയ്യുന്നുവെന്നും സി പി അബൂബക്കർ വിമർശിച്ചു. എന്നാല് സര്ക്കാരുകള് വീഴാനും പുസ്തകങ്ങള് നില്ക്കാനും ഉള്ളതായതിനാല് ഇത്തരം കാര്യങ്ങളില് ശ്രദ്ധ പുലര്ത്താന് അക്കാദമിക്ക് ബാധ്യതയുണ്ടെന്നാണ് പ്രസിഡന്റ് സച്ചിദാനന്ദന് ഫേസ്ബുക്കില് എഴുതിയത്. അബൂബക്കര് നല്കിയ വിശദീകരണം പുസ്തകം റിലീസ് ചെയ്ത സമയത്ത് പറഞ്ഞാല് മാത്രം മതിയായിരുന്നുവെന്നും സച്ചിദാനന്ദന് പറഞ്ഞു.
ഇതിനിടെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വിവിധ കമ്മിറ്റികൾ പരിപാടികൾ നടത്തുമ്പോൾ പൊതുമാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കണമെന്ന ഉത്തരവും സർക്കാർ പുറപ്പെടുവിച്ചിരുന്നു.