എറണാകുളം: കൈവെട്ടുകേസിലെ പ്രതികളോട് തനിക്ക് പകയില്ലെന്നും പ്രതികളോട് സഹാനുഭൂതി മാത്രമാണെന്നും പ്രൊഫസര് ടി ജെ ജോസഫ്. 'അനുഭവിക്കാനുള്ളതെല്ലാം ഞാന് അനുഭവിച്ചു. അതിന് മറ്റുള്ളവരെ ശിക്ഷിച്ചതുകൊണ്ടോ പീഡിപ്പിച്ചതുകൊണ്ടോ എന്റെ ദുരിതാനുഭവങ്ങള്ക്ക് ശമനമുണ്ടാവില്ല', റിപ്പോര്ട്ടര് ടിവിയുടെ ഡിബേറ്റ് വിത്ത് സുജയ പാര്വ്വതിയിലാണ് ടി ജെ ജോസഫ് ഏറെ വൈകാരികമായി പ്രതികരിച്ചത്.
'എനിക്ക് പ്രതികളോട് പകയില്ല എന്ന് ഞാന് ആശുപത്രി കിടക്കയില് കിടക്കുന്ന കാലം മുതല് പറയുന്നതാണ്. അവരോട് എനിക്ക് സഹതാപം മാത്രമാണ് ഉള്ളത്. സുരഭിലമായ ജീവിതമാണ് അവര് ആക്രമണത്തില് ഏര്പ്പെട്ട് നശിപ്പിച്ച് കളഞ്ഞത്. പ്രതികളുടെ വിലങ്ങിട്ട കൈകളില് തൂങ്ങി അവരുടെ കുഞ്ഞുമക്കള് കോടതി വരാന്തയിലൂടെ നടക്കുന്നത് കണ്ടപ്പോള് എനിക്കേറെ വിഷമം തോന്നിയിട്ടുണ്ട്. ആ കുടുംബാംഗങ്ങളെ കുറിച്ചുള്ള കരുതല് എനിക്കെന്നുമുണ്ട്. എനിക്കുണ്ടാവുന്ന വൈകാരിക വിചാരം കോടതിക്കുണ്ടാവണമെന്നില്ല. ഈ മതാന്ധതയൊക്കെ ഉപേക്ഷിച്ച് നല്ല മനുഷ്യരായി ജീവിക്കാന് അവര്ക്ക് കഴിയട്ടെ എന്നാണ് ഞാന് ആഗ്രഹിക്കുന്നത്', ടി ജെ ജോസഫ് ചര്ച്ചയില് പറഞ്ഞു.
'എന്റെ കൈ വെട്ടി മാറ്റിയ സംഭവത്തില് പ്രതിസ്ഥാനത്ത് ഞാന് കാണുന്നത് കേസില് സാങ്കേതികമായി പ്രതിപ്പട്ടികയിലുള്ള ആളുകളെ അല്ല, ഇത്തരം കിരാതമായ പ്രവര്ത്തികള് ചെയ്യാന് അവരെ പ്രേരിപ്പിച്ചവരെയും അത്തരക്കാര് പ്രതിനിധീകരിക്കുന്ന ആശയത്തെയുമാണ്. അവരാരും പൊലീസ് നടപടിയിലോ വിചാരണയിലോ വരുന്നില്ല. മനുഷ്യരെ കൊല്ലുന്ന, അവരെ തമ്മിലടിപ്പിക്കുന്ന, മനുഷ്യന്റെ കൈകാലുകള് വെട്ടിമുറിക്കുന്ന, മാനവികതയ്ക്കെതിരായ വിശ്വാസ പ്രമാണങ്ങളെയാണ് നമ്മള് വിചാരണ ചെയ്യേണ്ടതും ശിക്ഷിക്കേണ്ടതും. ഇത്തരം ആശയങ്ങളുടെ ബലിയാടുകളായി വരുന്ന പാവങ്ങളെ ശിക്ഷിച്ചതുകൊണ്ടോ ജയിലലടച്ചതുകൊണ്ടോ ഭീകരവാദത്തിനോ മതാന്ധതയ്ക്കോ അറുതി വരും എന്ന് ഞാന് കരുതുന്നില്ല. ഇതുപോലുള്ള കൃത്യങ്ങള് ചെയ്യുന്ന മനുഷ്യരുടെ മനസ്സിലേക്ക് വെളിച്ചം വീശുന്ന പ്രവൃത്തിയാണ് നാം ചെയ്യേണ്ടത്. ഞാന് ആക്രമിക്കപ്പെട്ട കാലത്തേക്കാള് കൂടുതല് വര്ഗീയതയും മതാന്ധതയും നമ്മുടെ സമൂഹത്തില് ഇപ്പോള് വര്ധിച്ചുവരികയാണ്. അതെന്നെ ഭയപ്പെടുത്തുന്നുണ്ട്', ടി ജെ ജോസഫ് വിശദീകരിച്ചു.
'ഞാന് അനുഭവിച്ചതിനേക്കാള് കൂടുതല് കഷ്ടപ്പാടും ദുരിതവും ഇതിലെ പ്രതികളില് ചിലര് അനുഭവിച്ചിട്ടുണ്ട്. അതില് ചിലര് അവരുടെ ഇപ്പോഴത്തെ സാഹചര്യങ്ങള് പരിഗണിച്ച് ശിക്ഷ ഇളവ് അനുവദിക്കാന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതി അത് പരിഗണിക്കണം എന്ന് തന്നെയാണ് എനിക്കും പറയാനുള്ളത്. എല്ലാ മനുഷ്യരും സുഖത്തോടെയും സന്തോഷത്തെടെയും ജീവിക്കണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത്', ഇത്തരത്തില് ഏറെ വൈകാരികമായ പ്രതികരണമാണ് ടി ജെ ജോസഫ് നടത്തിയത്.
പ്രതികളെ പോരിന് വിളിക്കാനൊന്നും താനില്ലെന്നും കൈവെട്ട് കേസിലെ പ്രതികളെ ശിക്ഷിക്കുന്നതില് തനിക്ക് യാതൊരു ഉത്കണ്ഠയുമില്ലെന്നും അദ്ദേഹം ആവര്ത്തിച്ചു.
2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാന് കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര് ടി ജെ ജോസഫിന്റെ വലത് കൈപ്പത്തി പോപ്പുലര് ഫ്രണ്ട് പ്രവര്ത്തകര് അറുത്തുമാറ്റിയത്. അദ്ദേഹം തയ്യാറാക്കിയ ചോദ്യപ്പേപ്പറില് മതനിന്ദയുണ്ടെന്നാരോപിച്ചായിരുന്നു ആക്രമണം.
കൈവെട്ട് കേസില് ആറ് പ്രതികളും കുറ്റക്കാരാണെന്ന് കോടതി ഇന്ന് വിധിച്ചിരുന്നു. യുഎപിഎ ചുമത്തിയ കേസില് കൊച്ചി എന്ഐഎ കോടതിയാണ് രണ്ടാം ഘട്ട വിധി പറഞ്ഞത്. സംഭവം ആസൂത്രണം ചെയ്ത പോപ്പുലര് ഫ്രണ്ട് നേതാവ് എം കെ നാസര്, കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്ത സവാദ് എന്നിവര് ഉള്പ്പെടെ പതിനൊന്നു പ്രതികളുടെ വിചാരണ നേരത്തേ പൂര്ത്തിയായിരുന്നു.