തിരുവനന്തപുരം: മാറാനല്ലൂര് പാലത്തിന് സമീപത്തുള്ള ബണ്ടുറോഡ് തകര്ന്ന സംഭവത്തില് പ്രതികരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പിഡബ്ല്യൂഡി എന്ജിനീയര് പാലം വിഭാഗം മേധാവിയോട് റിപ്പോര്ട്ട് തേടിയെന്ന് മന്ത്രി അറിയിച്ചു.
റിപ്പോര്ട്ട് കിട്ടുന്ന മുറയ്ക്ക് നടപടിയുണ്ടാവും. എന്തെങ്കിലും തെറ്റായി നടന്നിട്ടുണ്ടെങ്കിലും നടപടി സ്വീകരിക്കും. തെറ്റായ ഒരു പ്രവര്ത്തിയോടും വകുപ്പ് സന്ധി ചെയ്യില്ല, മന്ത്രി പറഞ്ഞു.
ജൂണ് ആറിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത പാലത്തിന്റെ ബണ്ടുറോഡ് തകര്ന്നതില് നാട്ടുകാര് പ്രതിഷേധിച്ചിരുന്നു. അശാസ്ത്രീയമായ നിര്മാണമാണ് തകര്ച്ചക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകുന്നത് വകവെക്കാതെയാണ് പാലം പണിതതെന്നും അത് തകര്ച്ചക്ക് കാരണമായെന്നും പ്രദേശവാസികള് ആരോപിച്ചിരുന്നു.