ഇടുക്കി: പ്രതികള്ക്ക് ഏത് ശിക്ഷ ലഭിച്ചാലും അത് തന്നെ ബാധിക്കുന്നില്ലെന്ന് തൊടുപുഴ ന്യൂമാന് കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫ ടി ജെ ജോസഫ്. കൈവെട്ടു കേസിലെ പ്രതികള്ക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെയായിരുന്നു ടി ജെ ജോസഫിന്റെ പ്രതികരണം.
കേസില് സാക്ഷി പറയുക മാത്രമായിരുന്നു തന്റെ ജോലി. സര്ക്കാര് പണ്ടേ നഷ്ടപരിഹാരം നല്കേണ്ടതായിരുന്നു. ഒരു പൗരനെന്ന നിലയില് എന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്ക്കാരിനാണ്. പൊലീസില് രേഖാമൂലം പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല. സംഭവം നടന്നതിന് ശേഷമാണ് സംരക്ഷണം ലഭിച്ചത്. സര്ക്കാര് നഷ്ടപരിഹാരം തന്നാല് വേണ്ടെന്ന് പറയില്ലെന്നും ടി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ശിക്ഷ കുറഞ്ഞോ, കൂടിയോ എന്നത് താന് അല്ല പറയേണ്ടത്. കോടതി വിധിയില് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. തീവ്രവാദത്തിന് ശമനം ഉണ്ടാകുമോ എന്ന് രാഷ്ട്രീയ, സാമൂഹിക നിരീക്ഷകര് ചര്ച്ച ചെയ്യട്ടെ. നിയമത്തിന്റെ പഴുതടക്കാന് ശേഷി ഉള്ളവര് ഉണ്ടായത് കൊണ്ടാവാം മുഖ്യ പ്രതിയെ പിടിക്കാത്തത്. ആക്രമിച്ചവരേക്കാള് വേദനിപ്പിച്ചത് ജോലിയില് നിന്ന് പിരിച്ചു വിട്ടവരാണെന്നും ടി ജെ ജോസഫ് പറഞ്ഞു.
പ്രാകൃത വിശ്വാസങ്ങള് മാറട്ടെയെന്നും ആധുനികമനുഷ്യര് ഉണ്ടാകട്ടെയെന്നും താന് ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. തൊടുപുഴ ന്യൂമാന് കോളേജിലെ അധ്യാപകനായിരുന്ന പ്രൊഫസര് ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസില് പ്രതികളുടെ ശിക്ഷാ വിധി പ്രഖ്യാപിച്ചു. മൂന്ന് പ്രതികള്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ട്, മൂന്ന്, അഞ്ച് പ്രതികള്ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
രണ്ടാം പ്രതി സജലിന് ജീവപര്യന്തവും 50,000 പിഴയും, നാസര്, നജീബ് എന്നിവര്ക്ക് ജീവപര്യന്തവും 5000 രൂപ പിഴയുമാണ് വിധിച്ചത്. മറ്റ് പ്രതികളായ നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവര്ക്ക് മൂന്ന് വര്ഷം തടവ് ശിക്ഷയും വിധിച്ചു. ശിക്ഷാ വിധികള് ഒരുമിച്ച് അനുഭവിച്ചാല് മതിയാവും. ടി ജെ ജോസഫിന് എല്ലാ പ്രതികളും ചേര്ന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിര്ദേശിച്ചു.
ആറ് പ്രതികള് കുറ്റക്കാരെന്ന് എന്ഐഎ കോടതി കണ്ടെത്തിയിരുന്നു. ജസ്റ്റിസ് അനില് ഭാസ്കറായിരുന്നു വിധി പറഞ്ഞത്. അഞ്ച് പേരെ കോടതി വെറുതെ വിടുകയും ചെയ്തു. സജില്, നാസര്, നജീബ്, നൗഷാദ്, മൊയ്തീന് കുഞ്ഞ്, അയൂബ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.