കൊച്ചി: അധ്യാപകന് ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസില് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന്. കൊച്ചിയിലെ പ്രത്യേക എന്ഐഎ കോടതി ജഡ്ജി അനില് ഭാസ്കര് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് ശിക്ഷ പ്രഖ്യാപിക്കും.
രണ്ടാംഘട്ട വിചാരണ നേരിട്ട സജല്, നാസര്, നജീബ്, മൊയ്തീന് കുഞ്ഞ്, അയൂബ്, നൗഷാദ് എന്നിവരുടെ ശിക്ഷയാണ് ഇന്ന് വിധിക്കുന്നത്. യുഎപിഎ കൂടാതെ ഗൂഢാലോചന ഉള്പ്പടെയുള്ള കുറ്റങ്ങളും നിലനില്ക്കും എന്നാണ് കോടതിയുടെ കണ്ടെത്തല്.
ഇന്നലെയായിരുന്നു കൊച്ചിയിലെ എന്ഐഎ കോടതി കേസില് ആറ് പ്രതികള് കുറ്റക്കാരെന്ന് വിധിച്ചത്. അഞ്ച് പേരെ വെറുതെ വിട്ടു. ഷഫീഖ്, അസീസ്, സുബൈര്, മുഹമ്മദ് റാഫി, മന്സൂര് എന്നിവരെയാണ് വെറുതെവിട്ടത്. വിധിപ്രഖ്യാപനത്തിന് പിന്നാലെ ശിക്ഷ പരമാവധി കുറയ്ക്കണമെന്ന് പ്രതികള് ആവശ്യപ്പെട്ടിരുന്നു. എല്ലാവര്ക്കും വേദനയില്ലേ എന്നായിരുന്നു ഇതിന് മറുപടിയായി കോടതി ചോദിച്ചത്. 2010 ജൂലൈ നാലിനാണ് കേസിന് ആധാരമായ ആക്രമണം അരങ്ങേറിയത്. കുറ്റപത്രം മൂന്നായി വിഭജിച്ച കേസില് ഒന്നാം പ്രതി സവാദിനെ പിടികിട്ടാപ്പുള്ളിയായി എന്ഐഎ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.