കോഴിക്കോട്: ഏക സിവില് കോഡിനെതിരായ സിപിഐഎം സെമിനാറിന്റെ ലക്ഷ്യം ആര്എസ്എസ് അജണ്ടക്ക് എതിരെ ജനങ്ങളെ അണിനിരത്തുക എന്നതാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എംപി. സെമിനാറില് പങ്കെടുക്കാന് എത്തിയ അദ്ദേഹം റിപ്പോര്ട്ടറിനോട് പ്രതികരിക്കുകയായിരുന്നു.
2024ലെ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് വര്ഗീയ ധ്രുവീകരണത്തിനാണ് മോദി ശ്രമിക്കുന്നത്. ഇതുവരെ നടപ്പാക്കിയ വര്ഗീയ അജണ്ടകളൊന്നും മതിയാവില്ലെന്ന തോന്നല് ഉള്ളതുകൊണ്ട് പുതിയ അജണ്ട എടുത്തിടുന്നു. ഹിന്ദു മുസ്ലിം ധ്രുവീകരണമാണ് അവര് ലക്ഷ്യം വെക്കുന്നത്. ഇന്ത്യ പാക്ക് വിഭജനകാലത്തെ പോലെ അന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം, എളമരം കരീം പറഞ്ഞു.
സെമിനാറില് കോണ്ഗ്രസിനെ ക്ഷണിക്കാതിരുന്നത് ദേശീയാടിസ്ഥാനത്തില് അവര്ക്ക് അഭിപ്രായമില്ലാത്തതിനാലാണെന്ന് അദ്ദേഹം നേരത്തേ പ്രതികരിക്കുകയുണ്ടായി. സെമിനാറില് ലീഗ് പങ്കെടുക്കാത്തത് ക്ഷീണമായി കരുതുന്നില്ലെന്നും സെമിനാറിനെ ലീഗ് ആക്ഷേപിച്ചിട്ടില്ലെന്നും എളമരം കരീം പറഞ്ഞു.
ഏക സിവില് കോഡിനെതിരെ നടത്തുന്ന ആദ്യ സെമിനാറാണ് സിപിഐഎമ്മിന്റേതെന്നതിനാല് തന്നെ കോഴിക്കോട്ടെ പരിപാടിയിലേക്ക് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. അതേസമയം, സിപിഐ നേതൃത്വം പരിപാടിയില് നിന്ന് വിട്ടുനില്ക്കുകയാണ്. ദേശീയ കോണ്ഗ്രസില് യോഗം ഡല്ഹിയില് ചേരുന്നതിനാലാണ് പങ്കെടുക്കാത്തതെന്നാണ് സിപിഐയുടെ വിശദീകരണമെങ്കിലും സെമിനാറിനോടുള്ള എതിര്പ്പും മുസ്ലിം ലീഗിനെ ക്ഷണിച്ചതിലെ അതൃപ്തിയുമാണ് പരിപാടിയില് നിന്ന് വിട്ടുനില്ക്കുന്നതിന് കാരണമെന്ന് വ്യക്തമാണ്.