കൊച്ചി: കെ റെയിൽ കോർപറേഷന്റെ സിൽവർലൈൻ പദ്ധതിയെ ഉപേക്ഷിച്ച് പുതിയ പദ്ധയിലേക്ക് സർക്കാർ അതിവേഗം നീങ്ങുമ്പോൾ ഇതിനോടകം സിൽവർ ലൈൻ പദ്ധതിക്ക് ചെലവഴിച്ച 57 കോടിയോളം രൂപയ്ക്കും ഉപയോഗിക്കാനാകാതെ കിടക്കുന്ന നൂറുകണക്കിനേക്കർ സ്ഥലത്തിനും ആയിരക്കണക്കിന് കേസുകൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ സമാധാനം പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.
'സിൽവർലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ (ഡിപിആർ) ഇതുവരെ പിണറായി സർക്കാർ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇതു തയാറാക്കിയ ഫ്രഞ്ച് കമ്പനിക്ക് 22.27 കോടി രൂപ നല്കിയിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രതിവർഷം13.49 കോടി രൂപ ശമ്പളം ഉൾപ്പെടെ ഓഫീസ് പ്രവർത്തനങ്ങൾക്ക് 20.5 കോടി രൂപ നൽകി. 197 കിലോ മീറ്ററിൽ 6737 മഞ്ഞക്കുറ്റികൾ സ്ഥാപിക്കാൻ 1.48 കോടി രൂപ ചെലവായി. സിൽവർലൈൻ കൈപ്പുസ്തകം, സംസ്ഥാനവ്യാപകമായ പ്രചാരണങ്ങൾ, സംവാദങ്ങൾ തുടങ്ങി എല്ലാം കൂടി കൂട്ടിയാൽ 57 കോടിയോളമാണ് ചെലവ്. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ഇതു താങ്ങാനാകുന്നതല്ല.'
സിൽവർ ലൈൻ പദ്ധതിക്കായി കല്ലിടാൻ തെരഞ്ഞെടുത്ത 955.13 ഹെക്ടർ പ്രദേശത്തെ ആളുകളുടെ അവസ്ഥയാണ് പരിതാപകരം. 9000 പേരുടെ വീടുകളും കടകളുമാണ് പൊളിക്കാൻ തീരുമാനിച്ചിരുന്നത്. ഇവയൊന്നും മറ്റൊരു കാര്യത്തിനും വിനിയോഗിക്കാനാകുന്നില്ല. ബാങ്ക് വായ്പ, വിവാഹം, വിദേശയാത്ര തുടങ്ങിയ പല കാര്യങ്ങളും മുടങ്ങുന്നു. അതിലേറെ കഷ്ടമാണ് കേസിൽ കുടുങ്ങിയവരുടെ കാര്യം. 11 ജില്ലകളിലായി 250ലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമരത്തിനിറങ്ങിയ ആയിരത്തിലേറെ പേരാണ് പോലീസ് സ്റ്റേഷനും കോടതിയും കയറിയിറങ്ങുന്നതെന്നും കെ സുധാകരൻ ആരോപിക്കുന്നു.
കെ റെയിൽ നടപ്പാക്കുന്ന സിൽവർലൈൻ പദ്ധതി തത്ക്കാലം മരവിപ്പിച്ചെങ്കിലും ഇതിനായി നിയോഗിച്ച സിപിഎം നേതാക്കളുടെ ബന്ധുക്കൾ സർക്കാർ ചെലവിൽ തുടരുന്നു. ജോൺ ബ്രിട്ടാസ് എന്ന സിപിഎം എംപിയുടെ ഭാര്യയാണ് കെ റെയിൽ ജനറൽ മാനേജർ. സിപിഎം നേതാവ് ആനാവൂർ നാഗപ്പിന്റെ ബന്ധു അനിൽ കുമാറാണ് കമ്പനി സെക്രട്ടറി. കെ റെയിൽ എംഡി അജിത് കുമാർ വൻതുക നല്കി വാടകയ്ക്ക് എടുത്തിരിക്കുന്നത് സ്വന്തം ഭാര്യയുടെ വീടാണ്. കെ റെയിലിൽ കുത്തി നിറച്ചിരിക്കുന്ന ജീവനക്കാരെല്ലാം തന്നെ സിപിഎമ്മുകാരെയാണ്.
'തലയ്ക്കു വെളിവുള്ള സകലരും സിൽവർലൈൻ പദ്ധതിയെ തുറന്നെതിർത്തിട്ടും വിദേശവായ്പയിൽ ലഭിക്കുന്ന കമ്മീഷനിൽ കണ്ണുംനട്ട് കേരളത്തെ ഒറ്റുകൊടുക്കാൻ കഴിയാതെ പോയത് കോൺഗ്രസും യുഡിഎഫും നാട്ടുകാരും തുറന്നെതിർത്തതുകൊണ്ടാണ്. അന്ന് സിൽവർലൈൻ പദ്ധതിയെ കണ്ണടച്ച് എതിർത്ത ബിജെപിയാണ് പുതിയ പദ്ധതിയുടെ ചരടുവലിക്കുന്നത്. സംസ്ഥാനത്തിനു താങ്ങാനാവാത്ത ഒരു ലക്ഷം കോടി രൂപയുടെ ചെലവ്, വിദേശവായ്പയുടെ കാണാച്ചരടുകൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയ എല്ലാ പ്രശ്നങ്ങളും പുതിയ പദ്ധതിയിൽ പ്രത്യക്ഷത്തിൽ കാണുന്നുണ്ട്.' - കെ സുധാകരൻ പറഞ്ഞു. വിഷയത്തെകുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിചേർത്തു.