കൊച്ചി: യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയില് വൈസ് ചെയര്മാനെതിരായ അവിശ്വാസപ്രമേയം വിജയിച്ചു. മുസ്ലീം ലീഗിലെ എ എ ഇബ്രാഹിംകുട്ടിക്കെതിരായ എല്ഡിഎഫിന്റെ പ്രമേയത്തെ മൂന്ന് ലീഗ് അംഗങ്ങളും പിന്തുണച്ചു. രാജി വെക്കണമെന്ന പാര്ട്ടി നേതൃത്വത്തിന്റെ നിര്ദേശം അവഗണിച്ചതിന് പിന്നാലെയാണ് ഇബ്രാഹിംകുട്ടിക്ക് സ്ഥാനം നഷ്ടമായത്.
എല്ഡിഎഫും കോണ്ഗ്രസ് വിമതരും ചേര്ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ചര്ച്ച ചെയ്യുന്നതിന് മുന്പ് രാജി വെക്കണമെന്നായിരുന്നു എ എ ഇബ്രാഹിം കുട്ടിക്ക് ലീഗ് നേതൃത്വം നല്കിയ നിര്ദേശം. ഇന്നത്തെ പ്രമേയ ചര്ച്ചയില് നിന്ന് വിട്ടു നില്ക്കാന് യുഡിഎഫും തീരുമാനിച്ചു. എന്നാല് ഇബ്രാഹിംകുട്ടി നേതൃത്വത്തിന്റെ നിര്ദേശം അവഗണിച്ചതോടെ മൂന്ന് ലീഗ് അംഗങ്ങള് ചര്ച്ചയില് പങ്കെടുത്ത് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുകയായിരുന്നു. 43 അംഗ കൗണ്സിലിലെ 23 പേരുടെ പിന്തുണയോടെ പ്രമേയം പാസ്സായി.
തനിക്കെതിരായ അഴിമതി ആരോപണം ഉന്നയിച്ചുള്ള അവിശ്വാസത്തെ നേരിട്ട ശേഷം രാജിവെക്കാമെന്ന നിലപാടിലായിരുന്നു ഇബ്രാഹിംകുട്ടി. പ്രതിസന്ധി പരിഹരിക്കാനായി സംസ്ഥാന നേതൃത്വം ഇബ്രാഹിംകുട്ടിയുമായി ചര്ച്ച നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് മുന്പ് രാജിവെക്കണമെന്നായിരുന്നു ലീഗ് നിര്ദേശമുണ്ടായിരുന്നത്.
രണ്ടര വര്ഷത്തിന് ശേഷം വൈസ് ചെയര്മാന് സ്ഥാനം കൈമാറണമെന്ന നേതൃത്വത്തിന്റെ നിര്ദേശം ഇബ്രാഹിം കുട്ടി അവഗണിച്ചതിന് പിന്നാലെയാണ് നഗരസഭയില് അവിശ്വാസ പ്രമേയം വന്നത്. ചെയര്പേഴ്സണ് ആയിരുന്ന കോണ്ഗ്രസിലെ അജിത തങ്കപ്പന് കഴിഞ്ഞ ആഴ്ചയാണ് രാജി വെച്ചത്.