ജനകീയതയുടെ പര്യായം; ഓര്മ്മയാകുന്നത് രാഷ്ട്രീയ ഗോദയിലെ സൗമ്യ മുഖം

ഉമ്മന്ചാണ്ടിയെന്ന രാഷ്ട്രീയ അപ്പോസ്തലന് വിടവാങ്ങുമ്പോള് കോണ്ഗ്രസിന് നഷ്ടമാകുന്നത് പ്രശ്നപരിഹാരത്തിനായി എന്നും മുന്നില് നിന്ന സൗമ്യ മുഖത്തെ കൂടിയാണ്. ഏറ്റവും കൂടുതല് ദിവസം നിയമസഭാ സാമാജികനായിരുന്ന ജനപ്രതിനിധിയായിരുന്നു ഉമ്മന്ചാണ്ടി

ജെയ്ഷ ടി കെ
2 min read|18 Jul 2023, 12:52 pm
dot image

ജനകീയതയുടെ പര്യായം, എന്നും ആള്ക്കൂട്ടത്തിനിടയില് നില്ക്കാനും പ്രവര്ത്തിക്കാനും ഇഷ്ടപ്പെട്ടിരുന്ന നേതാവ്, അതായിരുന്നു ഉമ്മന്ചാണ്ടി. പതിനായിരങ്ങള്ക്കിടയിലെത്തി പരാതി നേരിട്ട് കേട്ട് പരിഹാരമുണ്ടാക്കുന്ന മുഖ്യമന്ത്രിയാകാന് അന്നും ഇന്നും ഉമ്മന്ചാണ്ടിക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്. പേര് വിളിച്ച് അടുത്തെത്താനുള്ള സ്വാതന്ത്ര്യവും അടുപ്പവുമാണ് ഒരു ശരാശരി മലയാളിക്ക് ഉമ്മന്ചാണ്ടിയെന്നാല്.

ഉമ്മന്ചാണ്ടിയെന്ന രാഷ്ട്രീയ അപ്പോസ്തലന് വിടവാങ്ങുമ്പോള് കോണ്ഗ്രസിന് നഷ്ടമാകുന്നത് പ്രശ്നപരിഹാരത്തിനായി എന്നും മുന്നില് നിന്ന സൗമ്യ മുഖത്തെ കൂടിയാണ്. ഏറ്റവും കൂടുതല് ദിവസം നിയമസഭാ സാമാജികനായിരുന്ന ജനപ്രതിനിധിയായിരുന്നു ഉമ്മന്ചാണ്ടി. 1970ല് പുതുപ്പള്ളിയില് നിന്നും നിയമസഭയില് എത്തിയ ഉമ്മന്ചാണ്ടി തുടര്ച്ചയായി 12 തവണ ഇതേ മണ്ഡലത്തില് നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

1943 ഒക്ടോബര് 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില് കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്താണ് അദ്ദേഹം ജനിച്ചത്. പുതുപ്പള്ളി സെന്റ് ജോര്ജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സിഎംഎസ് കോളേജ്, ചങ്ങനാശ്ശേരി എസ്ബി കോളേജ് എന്നിവിടങ്ങളില് നിന്ന് ഉപരിപഠനം നേടി. എറണാകുളം ലോ കോളേജില് നിന്ന് അദ്ദേഹം നിയമ ബിരുദവും സമ്പാദിച്ചു.

പുതുപ്പള്ളി സെന്റ് ജോര്ജ് ഹൈസ്കൂളിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുതല് കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് സ്ഥാനങ്ങള് വരെ എത്തി നില്ക്കുന്നതാണ് ഉമ്മന്ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. ബാലജനസഖ്യത്തിലൂടെയാണ് അദ്ദേഹം സംഘടനാ പ്രവര്ത്തനത്തിന്റെ ബാലപാഠങ്ങള് കരസ്തമാക്കുന്നത്. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡന്റായി പ്രവര്ത്തിച്ചിട്ടുണ്ട്. സ്കൂള് കാലഘട്ടത്തില് തന്നെ കെഎസ്യു പ്രവര്ത്തനങ്ങളില് ആകൃഷ്ടനാവുകയും പ്രവര്ത്തനമാരംഭിക്കുകയും ചെയ്തു.

ഇരുപത്തിയേഴാം വയസില് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായിരിക്കെയാണ് ഉമ്മന് ചാണ്ടി ആദ്യമായി മത്സര ഗോദയിലിറങ്ങുന്നത്. ദേശീയ തലത്തില് കോണ്ഗ്രസ് വലിയൊരു പിളര്പ്പ് നേരിട്ട് നില്ക്കുന്ന സമയമായിരുന്നു അത്. പുതുപ്പള്ളിയാകട്ടെ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റും. മണ്ഡലത്തില് രണ്ടാം സ്ഥാനത്ത് എത്തിയാലും വിജയിച്ചതായി കണക്കാക്കാമെന്ന നേതൃത്വത്തിന്റെ കണക്കുകൂട്ടലുകള്ക്ക് ഏറെ മുന്നിലായിരുന്നു തിരഞ്ഞെടുപ്പ് ഫലം. സിറ്റിങ് എംഎല്എയായിരുന്ന ഇ എം ജോര്ജിനെ 7000ല് അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മന്ചാണ്ടി പരാജയപ്പെടുത്തിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും മുന് മന്ത്രിയും കേരള കോണ്ഗ്രസ് നേതാവുമായി പി ജെ ജോസഫും ഉള്പ്പടെ ആ നിയമസഭയിലെ കന്നി എംഎല്എമാരായിരുന്നു.

പിന്നീട് നടന്ന എല്ലാ നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഉമ്മന്ചാണ്ടി തന്റെ വിജയ യാത്ര തുടര്ന്നു. 1977ല് കെ കരുണാകരന് മന്ത്രിസഭയിലും 1978ല് എ കെ ആന്റണി മന്ത്രിസഭയിലും അദ്ദേഹം തൊഴില് വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തില് കരുണാകരന് മന്ത്രിസഭയില് ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരന് മന്ത്രിസഭയില് ധനകാര്യം വകുപ്പ് മന്ത്രിയായി.

1980-കളില് കേരളത്തിലെ കോണ്ഗ്രസ് പാര്ട്ടിയില് ആന്റണി വിഭാഗം(എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോള് ഉമ്മന് ചാണ്ടി നിയമസഭാകക്ഷി നേതാവായി. 1982-ല് അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കണ്വീനറായി. 1967ല് എ കെ ആന്റണി കെഎസ്യു സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറിയപ്പോള് ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഉമ്മന്ചാണ്ടി സംസ്ഥാന മുഖ്യമന്ത്രിയായതും ആന്റണിക്ക് പകരക്കാരനായായിരുന്നു. 2004ല് ആന്റണി രാജി വെച്ച ഒഴിവില് മുഖ്യമന്ത്രിയായി അധികാരമേറ്റ ഉമ്മന്ചാണ്ടി 2006 വരെ ആ സ്ഥാനത്ത് തുടര്ന്നു. വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്ന 2006ലെ പന്ത്രണ്ടാം കേരള നിയമസഭയില് പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്ചാണ്ടി പിന്നീട് 2011ലെ നിയമസഭ തിരഞ്ഞെടുപ്പില് യുഡിഎഫ് ജയിച്ചപ്പോള് വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2016ല് അഞ്ച് വര്ഷം കാലാവധി പൂര്ത്തിയാക്കി.

കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയില് കേരളത്തിന്റെ വികസനത്തില് ഉമ്മന് ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991ല് ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സര്ക്കാര് ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സര്വീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളില് നിന്നും ആരംഭിച്ചതും ഉമ്മന് ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാര്പാടം കണ്ടെയ്നര് ടെര്മിനലിന്റെ പണി തുടങ്ങാന് കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാര്ത്ഥ്യമാക്കാനും കൊച്ചി മെട്രോ സര്വീസ് ആരംഭിച്ചതും അദ്ദേഹത്തിന്റെ പ്രയത്നഫലം കൊണ്ട് കൂടിയാണ്.

ബാലജനസഖ്യത്തിലെ പ്രവര്ത്തനം മുതല് അസുഖത്തിന്റെ ബുദ്ധിമുട്ടുകള് കീഴടക്കുന്നത് വരെ യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ജനസേനവത്തിന്റെ കര്മ വീഥിയില് അദ്ദേഹം തിളങ്ങിയത്. കേരളത്തിന് മുന്പരിചയമില്ലാത്ത ജനസമ്പര്ക്ക പരിപാടി ഉമ്മന്ചാണ്ടിയുടെ സംഭാവനയായിരുന്നു. ഉമ്മന്ചാണ്ടി എന്ന ഭരണാധികാരിയുടെ ജനകീയ ഇടപെടലുകളിലെ നാഴികക്കല്ലാണ് ജനസമ്പര്ക്ക പരിപാടി എന്ന് നിസംശയം പറയാം. തങ്ങളെ നേരിട്ട് കേട്ട് വര്ഷങ്ങളായുള്ള പ്രശ്നങ്ങള്ക്ക് പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രിക്ക് ജനങ്ങള് ഹൃദയത്തിലാണ് സ്ഥാനം നല്കിയത്. മുഖ്യമന്ത്രിയായിരുന്ന 2004-06, 2011-16 വര്ഷങ്ങളില് ജനസമ്പര്ക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി.

എന്നും ജനങ്ങളുടെ ഇടയിലായിരിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് ഉമ്മന്ചാണ്ടി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഈ വാക്കുകള് അന്വര്ത്ഥമാക്കിക്കൊണ്ടായിരുന്നു അദ്ദേഹത്തില് അരപതിറ്റാണ്ടില് അധികം നീണ്ട രാഷ്ട്രീയ ജീവിതവും. ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം പലപ്പോഴും തന്റെ പ്രവര്ത്തനത്തിലൂടെ വരച്ചിട്ടിട്ടുണ്ട്. മുമ്പ് ആരോ പറഞ്ഞതുപോലെ അടി മുതല് മുടി വരെയുള്ള പ്രവര്ത്തനസന്നദ്ധതതയും സേവനമെന്ന ലഹരിയോടെ ജനങ്ങള്ക്കിടയില് ജീവിക്കുകയും ചെയ്യുന്ന ഉമ്മന്ചാണ്ടിയുടെ പ്രവര്ത്തനശൈലി ഒരു പാഠപുസ്തകം പോലെ പഠനാര്ഹം തന്നെയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us