'ഉമ്മന് ചാണ്ടി കേരളത്തിലെ എംഎല്എമാരെ ജനകീയ സ്വഭാവത്തിലേയ്ക്ക് നയിച്ച നേതാവ്'; രമേശ് ചെന്നിത്തല

ദീര്ഘമായ ഒരു പൊതു ജീവിതത്തില് ആരെയും വേദനിപ്പിക്കാതിരിക്കാന് അദ്ദേഹം പരമാവധി ശ്രമിച്ചു. എല്ലാവരോടുംനീതി പുലര്ത്താന് ശ്രമിച്ചു.

dot image

തിരുവനന്തപുരം: ദീര്ഘമായ ഒരു പൊതു ജീവിതത്തില് ആരെയും വേദനിപ്പിക്കാതിരിക്കാനും എല്ലാവരോടും നീതി പുലര്ത്താനും ശ്രമിച്ച നേതാവാണ് ഉമ്മൻ ചാണ്ടിയെന്ന് രമേശ് ചെന്നിത്തല. ഒരു പക്ഷേ കേരളത്തിന് പൂര്ണ്ണമായി ഉമ്മന്ചാണ്ടിയെ മനസ്സിലാക്കാന് കഴിഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. എന്നും ആര്ദ്രത നിറഞ്ഞ മനസ്സായിരുന്നു ഉമ്മന് ചാണ്ടിയുടേത്. പ്രയാസം അനുഭവിക്കുന്ന ഏതൊരു വ്യക്തിക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാൻ കഴിയുന്ന നേതാവായിരുന്നു അദ്ദേഹം. അതാണ് മറ്റുള്ളവരില് നിന്നും ഉമ്മന് ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ വ്യത്യസ്തനാക്കുന്നത്. ഉമ്മൻ ചാണ്ടിയെ ഓർമിച്ചു കൊണ്ട് രമേശ് ചെന്നിത്തല റിപ്പോർട്ടറിനോട് പറഞ്ഞു.

ഒരു രാഷ്ട്രീയ നേതാവ് എന്നതിലുപരിയായി ഒരു മനുഷ്യ സ്നേഹി എന്ന നിലയില് നമുക്ക് അദ്ദേഹത്തെ വിലയിരുത്താനാവും. ദീര്ഘമായ ഒരു പൊതു ജീവിതത്തില് ആരെയും വേദനിപ്പാക്കാതിരിക്കാന് അദ്ദേഹം പരമാവധി ശ്രമിച്ചു. എല്ലാവരോടും നീതി പുലര്ത്താന് ശ്രമിച്ചു.

കേരളത്തിലെ കോണ്ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേക ഘട്ടത്തിലാണ് ഞങ്ങള്ക്ക് രണ്ടു പേര്ക്കും ഒന്നിച്ച് പാർട്ടിയെ നയിക്കേണ്ടി വന്നത്. കരുണാകരനെ പോലൊരു ഉന്നത നേതാവ് കോണ്ഗ്രസില് നിന്ന് അല്പകാലം മാറി നിന്ന കാലമായിരുന്നു അത്. ആ സമയത്ത് ഉമ്മൻ ചാണ്ടിയുടെ ശക്തി, നയചാതുര്യം ഒക്കെ കൂടുതൽ മനസ്സിലാക്കാന് എനിക്ക് സാധിച്ചത്. തുടർന്ന് രണ്ട് പതിറ്റാണ്ടുകാലത്തോളം കോണ്ഗ്രസിനെ ഒന്നിച്ചു നയിക്കാന് ഞങ്ങള്ക്ക് കഴിഞ്ഞു. ആ സമയത്ത് അദ്ദേഹത്തിന്റെ നിര്ദേശങ്ങള് പരമാവധി പാര്ട്ടിക്കായി ഉപയോഗിക്കാന് ശ്രമിച്ചിട്ടുണ്ട്. തമ്മില് പരസ്പരം ഇണങ്ങിയും പിണങ്ങിയും അന്ന് ഞങ്ങൾ മുന്നോട്ട് പോയിട്ടുണ്ട്. അപ്പോഴൊക്കെയും നല്ലൊരു ഹൃദയ ബന്ധം ഞങ്ങള് തമ്മില് ഉണ്ടായിരുന്നു.

ആര്ക്കും എപ്പോഴും കയറി ചെല്ലാവുന്ന വിധം 24 മണിക്കൂറിലും അദ്ദേഹത്തിന്റെ വീടിന്റെ വാതില് തുറന്നിട്ടിരുന്നു. കേരളത്തിലെ എംഎല്എമാരെ ഒരു ജനകീയ സ്വഭാവത്തിലേയ്ക്ക് നയിച്ചതും ഉമ്മന് ചാണ്ടി ആണ്. മരണത്തിനും വിവാഹത്തിനും വീട്ടുചടങ്ങുകള്ക്കുമൊക്കെ കേരളത്തില് ഇത്രയധികം പങ്കെടുത്തിട്ടുള്ള ഒരു നേതാവ് ഉണ്ടാവില്ല. സ്വന്തം വ്യക്തി താല്പര്യങ്ങളെക്കാള് ജനതാല്പര്യങ്ങള്ക്ക് മുന്തൂക്കം കൊടുക്കാന് അദ്ദേഹത്തിന് കഴിഞ്ഞു.

തികച്ചും ഇത് വേദനാജനകമായ ഒരു വേര്പാടാണ് എനിക്ക് മാത്രമല്ല, കോണ്ഗ്രസിനും എല്ലാ പൊതു പ്രവര്ത്തകര്ക്കും അത് അങ്ങനെ തന്നെയാണെന്നും ഉമ്മന് ചാണ്ടി കാണിച്ചു തന്ന പല മാതൃകകളും മുന്നോട്ടുള്ള യാത്രയിൽ കോണ്ഗ്രസിന് ഒരു മുതല്കൂട്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

dot image
To advertise here,contact us
dot image