ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പട്ടിൽ ഇമാമിനെ തോക്കിൻ മുനയിൽ ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിച്ചതായി പരാതി. വിളിക്കാൻ വിസമ്മതിച്ചപ്പോൾ ആക്രമിച്ചതിന് പൊലീസിൽ പരാതി നൽകിയതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു. ചൊവ്വാഴ്ചയാണ് ഇമാം മുജീബ് റഹ്മാനെതിരെ ആക്രമണമുണ്ടായത്. സംഭവം നടന്ന് ഒരു ദിവസത്തിന് ശേഷം കേസെടുത്ത പൊലീസ് ബുധനാഴ്ച വൈകുന്നേരത്തോടെ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. രാഹുൽകുമാർ, ജിതേന്ദ്രകുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മർദ്ദിക്കുകയും ജയ് ശ്രീറാം വിളിക്കാൻ നിർബന്ധിക്കുകയും ചെയ്തുവെന്നാണ് മുജീബ് റഹ്മാന്റെ പരാതിയിൽ പറയുന്നത്. രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായും മൂന്നാമനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും അഡീഷണൽ പൊലീസ് സുപ്രണ്ട് മനീഷ് മിശ്ര പറഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞതെന്നാണ് സൂചന. മൂന്നാം പ്രതിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
2013ൽ മുസാഫർനഗറിൽ നടന്ന വർഗീയ കലാപം ഏറ്റവും കൂടുതൽ ബാധിച്ച ജില്ലകളിലൊന്നായിരുന്നു ബാഗ്പത്. ബാഗ്പതിൽ നിന്നുള്ള 12 പേരടക്കം 30 പേർ അന്നത്തെ കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.