തൃശൂര്: കലാഭവന് മണി അന്തരിച്ച് ഏഴു വര്ഷം പിന്നിടുമ്പോഴും സ്മാരകം നിര്മ്മിക്കാത്തതില് പ്രതിഷേധം. സ്മാരക നിര്മാണം സംബന്ധിച്ച് ചാലക്കുടി ഭരിക്കുന്ന യു ഡി എഫും പ്രതിപക്ഷത്തിരിക്കുന്ന എല്ഡിഎഫും തമ്മില് ആരോപണ പ്രത്യാരോപണങ്ങള് തുടരുകയാണ്. സ്മാരകത്തിനായി സ്ഥലവും പണവും അനുവദിച്ചിട്ടും എന്തുകൊണ്ട് നിര്മാണം മാത്രം നടക്കുന്നില്ല എന്നതിന് ആര്ക്കും ഉത്തരമില്ല. നിര്മാണം വൈകുന്നതിനു എതിരെ കലാകാരന്മാരുടെ നേതൃത്വത്തില് പ്രതിഷേധം സംഘടിപ്പിച്ചു.
2016 മാര്ച്ച് 6 ന് ആണ് കലാഭവന് മണി അന്തരിക്കുന്നത്. പിന്നാലെ ഉചിതമായ സ്മാരകം നിര്മ്മിക്കുമെന്ന് സംസ്ഥാന സര്ക്കാരും പ്രഖ്യാപിച്ചിരുന്നു. സ്മാരകത്തിനായി 20 സെന്റ് ഭൂമിയും ആദ്യഘട്ടത്തില് 50 ലക്ഷം രൂപയും സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ചു. പക്ഷേ നിര്മാണം മാത്രം നടന്നില്ല.
യു ഡി എഫ് ഭരിക്കുന്ന ചാലക്കുടി മുന്സിപ്പാലിറ്റിയുടെ വീഴ്ചയാണ് നിര്മാണം വൈകാന് കാരണമെന്നാണ് എല് ഡി എഫ് ആരോപണം. അതേ സമയം സ്മാരക നിര്മാണത്തിന് തടസം സംസ്ഥാന സര്ക്കാര് ആണെന്ന ആരോപണവുമായി സ്ഥലം എം എല് എ സനീഷ് കുമാര് രംഗത്തെത്തി. 2016 മുതല് ചാലക്കുടിയിലെ എംഎല്എ എല്ഡിഎഫിന്റെ ബി ഡി ദേവസി ആയിരുന്നെന്നും ആദ്യഘട്ടങ്ങളില് വരുത്തിയ വീഴ്ചയാണ് ഇപ്പോഴത്തെ കാലതാമസത്തിനു ഇടയാക്കിയതെന്നും സനീഷ് കുമാര് വ്യക്തമാക്കി. സ്മാരകത്തിനായി അനുവദിച്ച 50 ലക്ഷത്തില് നിന്നും 3 കോടി രൂപയാക്കി ഉയര്ത്തിയത് തന്റെ ശ്രമഫലം ആണെന്നും സനീഷ് കുമാര് പറഞു
7 വര്ഷം പിന്നിടുമ്പോള് നടക്കുന്ന ഈ വിവാദം തികച്ചും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ് എന്നതാണ് ഉയരുന്ന പ്രധാന വാദം.