തിരുവനന്തപുരം: സംസ്ഥാനത്ത് പിഎച്ച്ഡി വിദ്യാർഥികളുടെ ഇ- ഗ്രാൻഡുകള് മുടങ്ങിയിട്ട് ഒരു വർഷം. ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് ഗ്രാൻഡുകള് മുടങ്ങുന്നതെന്നാണ് ഒബിസി ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പിഎച്ച്ഡി വിദ്യാർഥികൾക്ക് നൽകിവരുന്ന ഒഇസി ഗ്രാൻഡ് മുടങ്ങിയിട്ട് ഒരു വർഷം പിന്നിടുകയാണ്. മുഴുവൻ സമയ ഗവേഷകർക്ക് മറ്റ് ജോലികൾക്ക് പോകാൻ കഴിയാത്തതിനാൽ ജീവനോപാധിയായി കൂടിയാണ് ഗ്രാൻഡ് നൽകുന്നത്.
തുടർച്ചയായി ഗ്രാൻഡ് മുടങ്ങിയതോടെ പഠനത്തിനൊപ്പം പലരുടെയും ജീവിതവും വഴിമുട്ടി. ഓഫീസുകളുമായി ബന്ധപ്പെടുമ്പോഴും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. സർക്കാർ ആവശ്യത്തിന് ഫണ്ട് അനുവദിക്കുന്നില്ലെന്നാണ് ഒബിസി ഡിപ്പാർട്മെന്റ് അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞത്. 400 കോടി വേണ്ടിടത്ത് ബഡ്ജറ്റിൽ അനുവദിച്ചത് 220 കോടി മാത്രമാണ്. വിഷയവുമായി ബന്ധപ്പെട്ട് വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെ ബന്ധപ്പെട്ടെങ്കിലും പ്രതികരിക്കാൻ തയാറായില്ല.