തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിന് ഉപാധി വെയ്ക്കാന് കേരള കോണ്ഗ്രസ്(ബി). ഗതാഗത വകുപ്പ് ഒഴികെയുളള വകുപ്പ് വേണമെന്നതാണ് മുന്നോട്ടുവെയ്ക്കുന്ന ഉപാധി. ഗതാഗത വകുപ്പിന് പകരം മറ്റ് വകുപ്പ് ലഭിക്കുന്നില്ലെങ്കില് മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടെന്നും കേരളാ കോണ്ഗ്രസ് (ബി) നേതൃയോഗം തീരുമാനിച്ചു.
മന്ത്രിസഭ രണ്ടര വര്ഷം പിന്നിടുമ്പോള് നടക്കുന്ന പുനഃസംഘടനയില് ലഭിക്കുന്ന മന്ത്രിസ്ഥാനത്തിനാണ് കേരളാ കോണ്ഗ്രസ് ഉപാധി വെച്ചത്. ആന്റണി രാജു മാറുന്ന ഒഴിവിലേക്കാകും കേരള കോണ്ഗ്രസ് (ബി) പ്രതിനിധിയായി കെ ബി ഗണേഷ് കുമാര് പരിഗണിക്കപ്പെടുക. മന്ത്രിസ്ഥാനത്തേക്ക് എത്തുമ്പോള് ആന്റണി രാജു കൈകാര്യം ചെയ്തിരുന്ന ഗതാഗത വകുപ്പ് ഏറ്റെടുക്കണ്ട എന്നാണ് തീരുമാനം. വെളളിയാഴ്ച നടന്ന പാര്ട്ടി നേതൃയോഗങ്ങളിലാണ് ഈ തീരുമാനം.
പാര്ട്ടി അദ്ധ്യക്ഷന് കെ ബി ഗണേഷ് കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു തീരുമാനം. ഗതാഗത വകുപ്പ് ഒഴികെയുളള വകുപ്പ് വേണമെന്ന് മുന്നണി നേതൃത്വത്തോട് ആവശ്യപ്പെടും. ആവശ്യം നിറവേറ്റപ്പെടുന്നില്ലെങ്കില് മന്ത്രിസ്ഥാനം വേണ്ടെന്ന് വെയ്ക്കാനും കേരളാ കോണ്ഗ്രസ് തീരുമാനിച്ചു.
ആവശ്യം പരിഗണിക്കാതിരുന്നാല് രാഷ്ട്രീയ പ്രശ്നമായി വളരാനുളള സാധ്യതയും തളളിക്കളയാനാവില്ല. ഇടതുമുന്നണിയില് അസംതൃപ്തിയുളള കേരളാ കോണ്ഗ്രസ് (ബി) മുന്നണി വിടുമെന്ന അഭ്യൂഹങ്ങളും രാഷ്ട്രീയ വൃത്തങ്ങളില് സജീവമാണ്.