കൊല്ലം: പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി വീണ്ടും ആശുപത്രിയിൽ. കടുത്ത പനിയും ശാരീരിക അസ്വാസ്ഥ്യങ്ങളും മൂലം മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടിയ രക്തസമ്മർദ്ദവും പ്രമേഹവും അദ്ദേഹത്തെ അലട്ടുന്നുണ്ട്. മഅ്ദനിയുടെ രക്തത്തിലെ ക്രിയാറ്റിന്റെ അളവ് കൂടിയ നിലയിലാണെന്നുമാണ് വിവരം.
ബെംഗളൂരു സ്ഫോടനക്കേസിൽ പ്രതിയായ മഅ്ദനിക്ക് കേരളത്തിൽ തങ്ങാനായി സുപ്രീംകോടതി ജാമ്യ വ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയായിരുന്നു. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്നു വ്യവസ്ഥയുണ്ട്. ആശുപത്രിയിൽ സന്ദർശകർക്കു പൂർണ നിയന്ത്രണം ഏർപ്പെടുത്തിയതായി പിഡിപി ജനറൽ സെക്രട്ടറി മൈലക്കാട് ഷാ അറിയിച്ചു.
ബെംഗളൂരുവിൽ തുടരണമെന്ന ജാമ്യവ്യവസ്ഥ സുപ്രീംകോടതി പിൻവലിച്ചതോടെയാണ് മഅ്ദനി കേരളത്തിൽ തിരിച്ചെത്തിയത്. ചികിത്സയ്ക്കു പോകുന്ന ദിവസങ്ങളിലൊഴികെ അൻവാർശേരിയിൽ തങ്ങാനാണ് മഅദനിയുടെ തീരുമാനം. പിതാവിനെ കാണാനും ചികിത്സയ്ക്കും സുപ്രീംകോടതി നേരത്തേ മഅ്ദനിക്ക് ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കർണാടക മുൻ സർക്കാർ കടുത്ത വ്യവസ്ഥകൾ വെച്ചതോടെ യാത്ര വേണ്ടെന്ന് വെച്ചു. പിന്നീട് കർണാടകയിൽ കോൺഗ്രസ് സർക്കാർ അധികാരത്തിൽ എത്തിയതോടെ മഅ്ദനിയുടെ വ്യവസ്ഥകളിൽ ഇളവ് നൽകിയിരുന്നു.
തുടർന്ന് ജൂൺ 26ന് കൊച്ചിയിൽ എത്തിയിരുന്നെങ്കിലും യാത്രാമദ്ധ്യേ ആരോഗ്യപ്രശ്നങ്ങളുണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ പിതാവിനെ കാണാതെ ബെംഗളൂരുവിലേക്ക് മടങ്ങി. അതിന് പിന്നാലെ ചികിത്സയ്ക്ക് ജാമ്യം തേടി സമീപിച്ചപ്പോഴാണ് സുപ്രീംകോടതി സ്ഥിരമായി നാട്ടിൽ തങ്ങാനുള്ള അനുമതി മഅ്ദനിക്ക് നൽകിയത്.