'കൊള്ളുന്നെങ്കില് കൊള്ളട്ടെ എന്നുകരുതി';കൊടുങ്കാറ്റ് വന്നാലും അനങ്ങാത്ത വ്യക്തിയെന്ന് സി ദിവാകരന്

നിയമസഭയില് ഉമ്മന്ചാണ്ടിയെ വേട്ടയാടിയപ്പോള് അദ്ദേഹത്തിന് വേണ്ടി ശബ്ദങ്ങള് ഉയര്ന്നില്ല

dot image

കോഴിക്കോട്: അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ വേട്ടയാടിയത് പോലെ സമകാലിക രാഷ്ട്രീയത്തില് മറ്റാരേയും വേട്ടയാടിയിട്ടില്ലെന്ന് സിപിഐ നേതാവ് സി ദിവാകരന്. ഉമ്മന്ചാണ്ടിയോടൊപ്പമുള്ള ആളുകള് തന്നെയാണ് അദ്ദേഹത്തെ വേട്ടയാടിയത്. അത് കാലം തെളിയിക്കുമെന്നും സി ദിവാകരന് പറഞ്ഞു. സെക്രട്ടറിയേറ്റ് അസോയിയേഷന്റെ ഉമ്മന്ചാണ്ടി അനുസ്മരണ യോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭയില് ഉമ്മന്ചാണ്ടിയെ വേട്ടയാടിയപ്പോള് അദ്ദേഹത്തിന് വേണ്ടി ശബ്ദങ്ങള് ഉയര്ന്നില്ല. ഉമ്മന്ചാണ്ടിയുടെ കൂടെയുള്ള ആളുകള് തന്നെയാണ് ഈ ദുരന്തങ്ങള് വരുത്തിവെച്ചതെന്നും സി ദിവാകരന് പറഞ്ഞു.

'അടിസ്ഥാനപരമായ കാര്യങ്ങളാണോ അല്ലയോ എന്ന് ഇന്നും സംശയമുള്ള ആരോപണങ്ങള്കൊണ്ട് ഉമ്മന്ചാണ്ടിക്കെതിരെ ഞങ്ങള് ശരവര്ഷം ഉയര്ത്തി. സത്യമാണോ അല്ലയോ എന്നതൊന്നും പ്രസംഗിക്കുന്ന ഞങ്ങള്ക്ക് പ്രശ്നമല്ല. ചെന്നു കൊള്ളുന്നെങ്കില് കൊള്ളട്ടെ എന്നു കരുതിവെച്ചു തട്ടുകയായിരുന്നു. ഈ പ്രക്ഷുബ്ധമായ നിയമസഭയില് അദ്ദേഹത്തിന് വേണ്ടി അധികം ശബ്ദങ്ങള് ഉയര്ന്നില്ല എന്നത് തന്നെ എന്നെ അധികം വേദനിപ്പിച്ചിട്ടുള്ളതാണ്. ഉമ്മന്ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന് പാടില്ലാത്തത് സഭയ്ക്ക് അകത്ത് പറയുമ്പോഴും അദ്ദേഹം എഴുതികൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഞങ്ങള്ക്ക് കലി കൂടുന്നത്. കൊടുങ്കാറ്റ് വന്നാലും അനങ്ങാത്ത വ്യക്തിയാണ് അദ്ദേഹം.' ദിവാകരന് പറഞ്ഞു.

എത്രയോ ജീര്ണ്ണതയുള്ള ആരോപണങ്ങളാണ് അദ്ദേഹം നേരിട്ടത്. എത്ര ക്ഷമയോട് കൂടി, സഹിഷ്ണുതയോട് കൂടിയാണ് അദ്ദേഹം ഇതെല്ലാം കേട്ടത്. അന്ന് സഭയിലുണ്ടായിരുന്ന ഞങ്ങള്ക്കെല്ലാം അതൊരു അത്ഭുതമായിരുന്നു. വ്യക്തിപരമായി ബോധ്യമില്ലാത്ത ആരോപണങ്ങള് ഞാന് ഉമ്മന്ചാണ്ടിക്കെതിരെ പറഞ്ഞിട്ടില്ല. അദ്ദേഹം കോണ്ഗ്രസുകാരനാണ്. പക്ഷേ കമ്മ്യൂണിസ്റ്റുകാരെ അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവും ആയിരുന്നുവെന്നും സി ദിവാകരന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image