![search icon](https://www.reporterlive.com/assets/images/icons/search.png)
കോഴിക്കോട്: അനന്തപുരി എഫ് എമ്മിന് പിന്നാലെ ആകാശവാണി കോഴിക്കോട് ശ്രോതാക്കളെയും നിരാശയിലാക്കി പ്രസാർ ഭാരതി. കോഴിക്കോട് ആകാശവാണി എഫ് എമ്മിലെ വിനോദ ചാനല് ഇനി പ്രവർത്തിക്കില്ല. ജൂലായ് 21 ന് വൈകിട്ടാണ് എഫ് എമ്മിലെ വിനോദ പരിപാടികൾ അവസാനിപ്പിക്കാൻ നിർദ്ദേശം വന്നത്. ഇതോടെ ഞായറാഴ്ച മുതൽ പുതിയ തീരുമാനം നടപ്പിലായി. കേന്ദ്രസർക്കാർ വികസന പരിപാടികൾ, വാർത്തകൾ, ഡൽഹി, തിരുവനന്തപുരം റിലേ പരിപാടികൾ എന്നിവ മാത്രമേ ഇനി ശ്രോതാക്കൾക്ക് കേൾക്കാനാകൂ.
എ എമ്മിലെ പരിപാടികൾ എഫ് എമ്മിലൂടെയാകും സംപ്രേഷണം ചെയ്യുക. എ എം പ്രൈമറി ചാനലിനെയും എഫ് എം ചാനലിനെയും ഒന്നാക്കാനാണ് തീരുമാനം. ആംപ്ലിറ്റ്യൂഡ് മോഡുലേഷൻ (എഎം) നിലയങ്ങൾ നിർത്തലാക്കുന്ന കേന്ദ്രസർക്കാർ നയത്തിന്റെ ഭാഗമായാണ് കോഴിക്കോട് നിലയത്തിന്റെ വിനോദ പരിപാടികൾ അവസാനിപ്പിക്കുന്നത്. എഎം നിലയം ഇല്ലാതാവുന്നതോടെ പ്രസരണ ശേഷി എഴുപതിൽ നിന്ന് നാൽപ്പത് കിലോമീറ്ററാവും. ഇതോടെ വയനാട്, കണ്ണൂർ, മലപ്പുറം തുടങ്ങിയ ജില്ലകളിലെ ശ്രോതാക്കൾക്ക് കോഴിക്കോട് നിന്നുള്ള ആകാശവാണി പരിപാടി കേൾക്കാനാകില്ല.
നിരവധി കരാർ ജീവനക്കാരുടെ വ്യത്യസ്ത പരിപാടികളാണ് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്തിരുന്നത്. ഒറ്റ ചാനൽ പദ്ധതിയിലേക്ക് മാറുന്നതോടെ ഇവരുടെ തൊഴിൽ നഷ്ടമാകും. സ്വകാര്യ എഫ്എം നിലയങ്ങളെ സഹായിക്കാനാണ് റിയൽ എഫ്എമ്മിനെ ഇല്ലാതാക്കുന്നത്. കഴിഞ്ഞവർഷവും ഇതേ നിലപാടുമായി പ്രസാർഭാരതി രംഗത്തെത്തിയിരുന്നുവെങ്കിലും കോഴിക്കോട്ടെ സാംസ്കാരിക പ്രവർത്തകരും കലാകാരൻമാരും പ്രതികരിച്ചതോടെ നടപടി ഉപേക്ഷിക്കേണ്ടി വന്നു. പരസ്യവരുമാനത്തിൽ സംസ്ഥാനത്ത് രണ്ടാംസ്ഥാനമാണ് കോഴിക്കോട് നിലയത്തിനുള്ളത്. കൊച്ചിയാണ് ഒന്നാമത്. നാൽപ്പത് ലക്ഷത്തിലധികം ശ്രോതാക്കൾ നിലയത്തിനുണ്ട്.