തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണിന് 97 അധിക ബാച്ചുകള് ശുപാര്ശ ചെയ്ത് വിദ്യാഭ്യാസവകുപ്പ്. വടക്കന് കേരളത്തിലാണ് അധിക ബാച്ചുകള് ശുപാര്ശ ചെയ്തത്. മലപ്പുറം, കോഴിക്കോട് ജില്ലകളില് കൂടുതല് ബാച്ചുകള്ക്ക് ശുപാര്ശയുണ്ട്. എയ്ഡഡ് സ്കൂളുകളിലും അധിക ബാച്ച് അനുവദിക്കും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില് അന്തിമ തീരുമാനമുണ്ടാവും.
സംസ്ഥാനത്ത് ഒന്നാംവര്ഷ ഹയര് സെക്കന്ഡറി പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുശേഷം വടക്കന് ജില്ലകളില് കൂടുതല് അധിക ബാച്ചുകള് അനുവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. പ്രവേശനം ലഭിക്കാത്ത കുട്ടികള് കൂടുതലുള്ള ഇടങ്ങളില് പ്രാദേശികമായേ അധിക ബാച്ചുകള് അനുവദിക്കൂ.
എന്നാല് പ്ലസ് വണ് അധികബാച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കാന് പര്യാപ്തമാകില്ലെന്ന് മുസ്ലിം ലീഗ് വിമര്ശിച്ചു. "പ്ലസ് വണ് അധികബാച്ച് അനുവദിച്ചത് മുസ്ലിംലീഗിന്റെ സമര വിജയമാണ്. പാലക്കാട് മുതല് കാസര്കോട് വരെ പതിനായിരക്കണക്കിന് വിദ്യാര്ത്ഥികള് സീറ്റ് ലഭിക്കാതെ പുറത്താണ്. മുഴുവന് കുട്ടികള്ക്കും പഠിക്കാന് അവസരം ലഭിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകും", മുസ്ലിം ലീഗ് സംസ്ഥാന ജനറല് സെക്രട്ടറി പി എം എ സലാം പറഞ്ഞു.