അബുദാബി: ഒരിടവേളക്ക് ശേഷം യുഎഇയില് വീണ്ടും മെര്സ് വൈറസ് ബാധ. യുഎഇ തലസ്ഥാനമായ അബുദാബിയിലാണ് വൈറസ് ബാധ കണ്ടെത്തിയത്. അല്ഐനില് താമസിക്കുന്ന പ്രവാസിയായ 28 കാരനില് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗ ലക്ഷണങ്ങള് കണ്ടതിനെ തുടര്ന്ന് ജൂണ് എട്ടിനാണ് യുവാവിനെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. ജൂണ് 23 ന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗിയുമായി സമ്പര്ക്കം പുലര്ത്തിയ 108 ആളുകളെ പതിനാല് ദിവസം നിരീക്ഷണത്തിന് വിധേയമാക്കി.
എന്നാല് വേറെ ആരിലും ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. മൃഗങ്ങളില് നിന്ന് മനുഷ്യരിലേക്ക് പകരുന്ന വൈറസ് ആണ് മെര്സ്. രോഗ ബാധയുളള ഒട്ടകങ്ങളുമായി നേരിട്ടോ അല്ലാതെയോ ഉളള സമ്പര്ക്കത്തിലൂടെ മനുഷ്യര്ക്ക് രോഗ ബാധയുണ്ടാകുമെന്ന് പഠനങ്ങള് തെളിയിക്കുന്നു. എന്നാല് പുതിയതായി രോഗം സ്ഥിരീകരിച്ച യുവാവ് ഏതെങ്കിലും തരത്തിലുളള മൃഗങ്ങളുമായി സമ്പര്ക്കം പുലര്ത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
2013 ജുലൈയില് ആണ് യുഎഇയില് ആദ്യമായി മെര്സ് വൈറസ് സ്ഥിരീകരിച്ചത്. പുതിയതായി കണ്ടെത്തിയ വൈറസ് ബാധ അടക്കം 94 കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടുളളത്. വിവിധ കാലഘട്ടങ്ങളിലായി മെര്സ് ബാധിച്ച് പന്ത്രണ്ട് മരണങ്ങളും ഉണ്ടായിട്ടുണ്ട്. ആഗോള തലത്തില് 2012 ലാണ് ആദ്യമായി മെര്സ് വൈറസ് കണ്ടെത്തിയത്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള് പ്രകാരം 2605 കേസുകളാണ് ലോകത്ത് ഇതുവരെ റിപ്പോര്ട്ട് ചെയ്തിട്ടുളളത്. 936 മരണങ്ങളും ഇതില് ഉള്പ്പെടുന്നു.