തിരുവനന്തപുരം: കൃഷ്ണഗിരിയിലെ മരംമുറിയില് നടപടിയെടുക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഇത് സംബന്ധിച്ച കളക്ടറുടെ റിപ്പോര്ട്ട് ലഭിച്ചിട്ടില്ല. പുറത്തുവരുന്നത് പുതിയ വിവരങ്ങളാണ്. നടപടി സ്വീകരിക്കുന്നതിൽ എൽഡിഎഫിന്റെ ഘടക കക്ഷിയെന്നോ യുഡിഎഫിന്റെ ഘടകകക്ഷിയെന്നോ ഇല്ല. സര്ക്കാരിന്റെ ശ്രദ്ധയില്പെടുന്ന പക്ഷം ഗൗരവമനുസരിച്ച് നടപടി എടുക്കേണ്ടതാണെങ്കില് നടപടി എടുക്കും. ഡിപ്പാര്ട്ട്മെന്റ് നടപടിയാണെങ്കില് ഡിപ്പാര്ട്ട്മെന്റ് എടുക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.
ശിക്ഷിക്കണമെന്നോ രക്ഷിക്കണമെന്നോ തനിക്ക് പ്രത്യേക താത്പര്യമില്ല, സര്ക്കാരിനുമില്ല. വസ്തുതക്കനുസരിച്ച് ആണ് താൻ പ്രതികരിക്കാറുളളത്. കേസിന്റെ മെറിറ്റ് അനുസരിച്ചായിരിക്കും സര്ക്കാര് ഇടപെടല്. കക്ഷി നോക്കി നടപടിയെടുക്കില്ല. ഇക്കാര്യത്തിൽ ഘടകകക്ഷി എന്ന പരിഗണനയില്ലെന്നും മന്ത്രി വ്യക്തമാക്കി.
മുട്ടിലില് നടന്നത് വനംകൊളളയല്ല. അന്വേഷണം തൃപ്തികരമായി നീങ്ങുന്നുണ്ട്. മുട്ടില് മരംമുറി സര്ക്കാരിനെതിരെ ആരോപണമായി നിയമസഭയില് ഉയര്ന്നുവന്നപ്പോഴാണ് സര്ക്കാര് അതിൽ ഇടപെടുന്നത്. വനംകൊളള നടന്നിട്ടില്ല എന്ന് സര്ക്കാര് അന്നും ഇന്നും വ്യക്തമാക്കിയതാണ്. പട്ടയഭൂമിയില് നിന്ന് മരം മുറിച്ചു എന്ന് അന്ന് മുതലേ പറയുന്നതാണ്. ആ നിലക്ക് കേസ് മുന്നോട്ട് പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വിവിധ കാലങ്ങളില് വിവിധ വനങ്ങളില് മരം മുറി നടന്നിട്ടുണ്ട്. ഇത്തരത്തിലുളള നിയമവിരുദ്ധ പ്രവര്ത്തനങ്ങള് ശ്രദ്ധയില്പെട്ടാല് നടപടി സ്വീകരിക്കും. എല്ലാ കേസുകളും അന്വേഷിക്കും. കേസിന്റെ ഗൗരവം അനുസരിച്ചുളള നടപടിയുണ്ടാകും. ആര്ക്കും പരിഗണന കൊടുക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പട്ടയഭൂമിയില് നിന്ന് പ്രത്യേക മരങ്ങള് മുറിക്കാം എന്ന സര്ക്കാര് ഉത്തരവ് പിന്വലിച്ചതിന് ശേഷവും എം വി ശ്രേയാംസ് കുമാറിന്റെ കുടുംബം കൈമാറ്റം ചെയ്ത ഭൂമിയില് വ്യാപക മരംമുറി നടന്നതായി റിപ്പോർട്ടർ ടിവി വാർത്ത നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമി സര്ക്കാര് ഭൂമിയാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്ട്ടില് പറയുന്നുണ്ട്. ശ്രേയാംസ് കുമാറും കുടുംബവും സര്ക്കാര് ഭൂമി കൈമാറിയെന്ന് റിപ്പോര്ട്ടില് നിന്ന് വ്യക്തമാണ്. ഉടമസ്ഥാവകാശം കിട്ടാന് വ്യാജരേഖ ചമച്ച് ആധാരമുണ്ടാക്കി പട്ടയം കിട്ടാത്ത സര്ക്കാര് ഭൂമി രജിസ്റ്റര് ചെയ്തു. ഈ അനധികൃത ആധാരങ്ങള് ഉടന് റദ്ദ് ചെയ്യണമെന്ന് കലക്ടര് റിപ്പോര്ട്ടില് ആവശ്യപ്പെട്ടു.
കൃഷ്ണഗിരി വില്ലേജില് റീസര്വേ നടത്താന് സര്വേ ഡയറക്ടര്ക്ക് നിര്ദേശം നല്കണം. വ്യാജരേഖ തയ്യാറാക്കി ഭൂമി കൈമാറ്റം ചെയ്തതിനാല് വിജിലന്സ് അന്വേഷണത്തിന് ശുപാര്ശ ചെയ്യണം. പൊലീസില് ക്രിമിനല് കേസ് നല്കണമെന്നും സുല്ത്താന് ബത്തേരി തഹസില്ദാറോട് കലക്ടര് നിര്ദേശിച്ചിരുന്നു. കൃഷ്ണഗിരി വില്ലേജിലെ റവന്യൂ രേഖകളില് അടിയന്തര രേഖപ്പെടുത്തലുകള് വേണമെന്നും കലക്ടര് റിപ്പോര്ട്ടില് ആവശ്യപ്പെടുന്നു.