കുറ്റവിമുക്തനാക്കിയിട്ടും ഇന്റര്നെറ്റിൽ 'പ്രതി'; മകളുടെ വിവാഹം മുടങ്ങി, ഗൂഗിളിനെതിരെ ഹൈക്കോടതിയില്

ഗൂഗിളില് പേര് തിരയുമ്പോള് ഇപ്പോഴും കുറ്റവിമുക്തനാക്കിയ കേസില് പ്രതിയെന്ന നിലയിലാണ് വാര്ത്ത തുടരുന്നത്. ഇതുമൂലം മകളുടെ വിവാഹം മുടങ്ങി.

ശ്യാം ദേവരാജ്
1 min read|26 Jul 2023, 11:47 pm
dot image

കൊച്ചി: ഇന്റര്നെറ്റില് നിന്ന് വിവരങ്ങള് ഒഴിവാക്കാതിരിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കാട്ടി ഹൈക്കോടതിയില് ഹര്ജി. തിരുവനന്തപുരം ബാലരാമപുരം സ്വദേശിയാണ് മൗലികാവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. ഹര്ജിയില് കേന്ദ്ര, സംസ്ഥാന സര്ക്കാരുകള് എതിര്കക്ഷികളാണ്. ഗൂഗിള് ഇന്ത്യയും ദി ന്യൂ ഇന്ത്യന് എക്സ്പ്രസുമാണ് ഹര്ജിയിലെ മറ്റ് എതിര്കക്ഷികള്.

വസ്ത്ര വ്യാപാരിയായ ഹര്ജിക്കാരന് നേരത്തെ ക്രിമിനല് കേസില് പ്രതിയായി. 2014ല് മ്യൂസിയം പൊലീസ് വഞ്ചനാക്കുറ്റം ഉള്പ്പടെ ചുമത്തി കേസെടുത്തു. പ്രതിപ്പട്ടികയില് ഉള്പ്പെടുത്തിയ സമയത്ത് ഹര്ജിക്കാരന്റെ പേരും ചിത്രവും ഉള്പ്പെടുത്തി മാധ്യമ സ്ഥാപനം തിരുവനന്തപുരത്ത് നിന്ന് വാര്ത്ത പ്രസിദ്ധീകരിച്ചു. പിന്നീട് ഈ കേസില് നിന്ന് തിരുവനന്തപുരം ജെഎഫ്എംസി കോടതി ഹര്ജിക്കാരനെ കുറ്റവിമുക്തനാക്കി.

ഗൂഗിളില് പേര് തിരയുമ്പോള് ഇപ്പോഴും കുറ്റവിമുക്തനാക്കിയ കേസില് പ്രതിയെന്ന നിലയിലാണ് വാര്ത്ത തുടരുന്നത്. ഇതുമൂലം മകളുടെ വിവാഹം മുടങ്ങി. 2018ല് കുറ്റവിമുക്തനാക്കപ്പെട്ടുവങ്കിലും വാര്ത്ത അതേപടി ഗൂഗിളില് ലഭ്യമാണ്. വാര്ത്ത പിന്വലിക്കണം എന്നാവശ്യപ്പെട്ട് മാധ്യമ സ്ഥാപനത്തെ സമീപിച്ചു. എന്നാല് വാര്ത്ത പിന്വലിക്കാന് മാധ്യമ സ്ഥാപനം തയ്യാറായില്ലെന്നും ഹര്ജിയില് പറയുന്നു.

മാധ്യമ സ്ഥാപനത്തിന്റെയും ഗൂഗിളിന്റെയും നടപടി ഭരണഘടന ഉറപ്പ് നല്കുന്ന സ്വകാര്യതയുടെയും അന്തസിന്റെയും ലംഘനമാണ്. പൗരന്റെ വ്യക്തിത്വത്തില് നിന്ന് അന്തസിനെ മാറ്റി നിര്ത്താനാവില്ല. പ്രസ്തുത വാര്ത്ത അതേപടി തുടരുന്നത് സല്പ്പേര് കളങ്കപ്പെടുന്നതിന് ഇടയാക്കും. ഇത് കുറ്റവിമുക്തമാക്കപ്പെട്ട വ്യക്തിയുടെ അന്തസിനെ ബാധിക്കുമെന്നും ഹര്ജിയില് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യം എന്നാല് ഒരു വ്യക്തിയുടെയും അന്തസ് ഹനിക്കാനുള്ളതല്ലെന്നുമാണ് ഹര്ജിയുടെ ഉള്ളടക്കം.

കേസിന്റെ വിചാരണ സമയത്ത് വാദം, എതിര്വാദം എന്നിവയെല്ലാം കേട്ടും തെളിവുകള് പരിശോധിച്ചുമാണ് കോടതി വിധി പറയുന്നത്. അങ്ങനെ കുറ്റക്കാരന് അല്ലെന്ന് കണ്ടെത്തിയ വിധി വരുന്നതോടെ പ്രതിയെന്ന മേല്വിലാസം എല്ലാ രേഖകളില് നിന്നും ഒഴിവാക്കപ്പെടും. കോടതി ഒഴിവാക്കിയിട്ടും പ്രതിയെന്ന് വിശേഷിപ്പിക്കുന്നത് വ്യക്തിക്കെതിരായ നീതി നിഷേധമാണെന്നും ഹര്ജിയില് പറയുന്നു.

പ്രസക്തമല്ലാത്ത ഉള്ളടക്കങ്ങള് നീക്കം ചെയ്യണമെന്ന് ഗൂഗിളിനെതിരെ യൂറോപ്യന് കോടതിയുടെ വിധിയുണ്ട്. പൗരന്റെ സ്വകാര്യത സംബന്ധിച്ച് സുപ്രിംകോടതിയും വ്യക്തത വുത്തിയിട്ടുണ്ട്. അതിനാല് അന്തസിനെ ബാധിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യണമെന്നുമാണ് ഹര്ജിയിലെ ആവശ്യം. അഭിഭാഷകനായ സന്ദീപ് ആര് എന് മുഖേനയാണ് ഹൈക്കോടതിയില് ഹര്ജി ഫയല് ചെയ്തത്. ഹര്ജി നാളെ ഹൈക്കോടതി പരിഗണിക്കും.

dot image
To advertise here,contact us
dot image