കല്പ്പറ്റ: പട്ടയഭൂമിയില് നിന്ന് പ്രത്യേക മരങ്ങള് മുറിക്കാം എന്ന സര്ക്കാര് ഉത്തരവ് പിന്വലിച്ചതിന് ശേഷവും എം വി ശ്രേയാംസ് കുമാറിന്റെ കുടുംബം കൈമാറ്റം ചെയ്ത ഭൂമിയില് നടന്നത് വ്യാപക മരംമുറി. കൈമാറ്റം ചെയ്യപ്പെട്ട ഈ ഭൂമി സര്ക്കാര് ഭൂമിയാണെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്ട്ടില് പറയുന്നു.
ശ്രേയാംസ് കുമാറും കുടുംബവും സര്ക്കാര് ഭൂമി കൈമാറിയെന്ന് കലക്ടറുടെ റിപ്പോര്ട്ടില് നിന്ന് വ്യക്തമാണ്. ഉടമസ്ഥാവകാശം കിട്ടാന് വ്യാജരേഖ ചമച്ച് ആധാരമുണ്ടാക്കി പട്ടയം കിട്ടാത്ത സര്ക്കാര് ഭൂമി രജിസ്റ്റര് ചെയ്തെന്ന് റിപ്പോര്ട്ടിലുണ്ട്. ഈ അനധികൃത ആധാരങ്ങള് ഉടന് റദ്ദ് ചെയ്യണമെന്ന് കലക്ടര് റിപ്പോര്ട്ടില് ആവശ്യപ്പെട്ടിട്ടുണ്ട്.
കൃഷ്ണഗിരി വില്ലേജില് റീസര്വേ നടത്താന് സര്വേ ഡയറക്ടര്ക്ക് നിര്ദേശം നല്കണം. വ്യാജരേഖ തയ്യാറാക്കി ഭൂമി കൈമാറ്റം ചെയ്തതിനാല് വിജിലന്സ് അന്വേഷണത്തിന് ശുപാര്ശ ചെയ്യണം. വ്യാജരേഖയുണ്ടാക്കി ആധാരം ചമച്ചതിന് നടപടി എടുക്കണമെന്നും കലക്ടര് റിപ്പോര്ട്ടില് ആവശ്യപ്പെട്ടു.
പൊലീസില് ക്രിമിനല് കേസ് നല്കണമെന്ന് സുല്ത്താന് ബത്തേരി തഹസില്ദാറോട് കലക്ടര് നിര്ദേശിച്ചിരുന്നു. കൃഷ്ണഗിരി വില്ലേജിലെ റവന്യൂ രേഖകളില് അടിയന്തര രേഖപ്പെടുത്തലുകള് വേണമെന്നും റിപ്പോര്ട്ടില് ആവശ്യപ്പെടുന്നു.
കൃഷ്ണഗിരിയില് ഏക്കര് കണക്കിന് ഭൂമി എംവി ശ്രേയാംസ് കുമാറിന്റെ കുടുംബം അനധികൃതമായി കൈക്കലാക്കിയിരുന്നു. ഇതില് അമ്പത് ഏക്കറിലേറെ ഭൂമി അനധികൃതമായി കൈമാറ്റം ചെയ്തു എന്ന് നേരത്തെ റവന്യൂ വകുപ്പ് കണ്ടെത്തിയിരുന്നു. കൃഷ്ണഗിരിയിലെ ഭൂമി കൈമാറ്റത്തില് വന് ദുരൂഹതയുണ്ടെന്നും അതിനാല് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും റവന്യൂ വകുപ്പ് പ്രതികരിച്ചിരുന്നു. ഭൂമി അളന്ന് തിരിക്കണമെന്നും കൈമാറ്റവും വ്യാജരേഖ ചമക്കലും പരിശോധിക്കണമെന്നും വകുപ്പ് നിര്ദേശിച്ചിരുന്നു.
മരം മുറിച്ചത് പൂര്ണമായും ഗവണ്മെന്റ് ഭൂമിയിലേത് എന്ന് റിപ്പോര്ട്ടില് പറയുന്നു. വീട്ടിയും തേക്കും അടക്കം നൂറിലേറെ മരങ്ങളാണ് മുറിച്ചത്. എന്നാല് ഈ റിപ്പോര്ട്ടിന്മേല് ഒരു നടപടിയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. മരംമുറിക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥര്ക്കെതിരെ യാതൊരു നടപടിയും വനംവകുപ്പെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
വില്ലേജ് ഓഫീസറെ മാത്രമാണ് സസ്പെന്ഡ് ചെയ്തത്. മേപ്പാടി റേഞ്ച് ഓഫീസറാണ് സര്ക്കാര് ഭൂമിയില് നിന്ന് മരം മുറിക്കാന് അനുമതി നല്കിയത്. സര്ക്കാര് ഭൂമിയില് നിന്ന് മരം മുറിക്കാന് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് അനുമതി നല്കിയത്.
ഒന്നര വര്ഷം മുന്പ് നടന്ന ഈ സംഭവത്തില് നാല് മാസം മുന്പാണ് കലക്ടര് റിപ്പോര്ട്ട് നല്കിയത്. മാസങ്ങള് കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില് ദുരൂഹതയുണ്ട്. മുട്ടില് മരംമുറി കേസില് നടപടികള് സ്വീകരിച്ച സര്ക്കാര് ഏജന്സികള് കൃഷ്ണഗിരി എസ്റ്റേറ്റിലെ വ്യാപക മരംമുറി കണ്ടില്ലെന്ന് നടിക്കുകയാണ്.