കല്പ്പറ്റ: പട്ടയഭൂമിയില് നിന്ന് പ്രത്യേക മരങ്ങള് മുറിക്കാം എന്ന സര്ക്കാര് ഉത്തരവ് പിന്വലിച്ചതിന് ശേഷവും വയനാട്ടില് മരംമുറി നടന്നെന്ന് ജില്ലാ കലക്ടറുടെ റിപ്പോര്ട്ട്. കൃഷ്ണഗിരി എസ്റ്റേറ്റില് ലക്ഷങ്ങള് വിലവരുന്ന 36 വീട്ടിമരങ്ങള് അടക്കം നൂറിലേറെ മരങ്ങള് മുറിച്ചെന്ന കലക്ടറുടെ റിപ്പോര്ട്ട് റിപ്പോര്ട്ടര് ടിവി സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീമിന് ലഭിച്ചു.
മരം മുറിച്ചത് പൂര്ണമായും ഗവണ്മെന്റ് ഭൂമിയിലേത് എന്ന് റിപ്പോര്ട്ടില് പറയുന്നു. വീട്ടിയും തേക്കും അടക്കം നൂറിലേറെ മരങ്ങളാണ് മുറിച്ചത്. എന്നാല് ഈ റിപ്പോര്ട്ടിന്മേല് ഒരു നടപടിയും വനംവകുപ്പ് സ്വീകരിച്ചിട്ടില്ല. മരംമുറിക്ക് അനുമതി നല്കിയ ഉദ്യോഗസ്ഥര്ക്കെതിരെ യാതൊരു നടപടിയും വനംവകുപ്പെടുത്തില്ല എന്നതും ശ്രദ്ധേയമാണ്.
വില്ലേജ് ഓഫീസറെ മാത്രമാണ് സസ്പെന്ഡ് ചെയ്തത്. മേപ്പാടി റേഞ്ച് ഓഫീസറാണ് സര്ക്കാര് ഭൂമിയില് നിന്ന് മരം മുറിക്കാന് അനുമതി നല്കിയത്. സര്ക്കാര് ഭൂമിയില് നിന്ന് മരം മുറിക്കാന് ഫോറസ്റ്റ് റേഞ്ച് ഓഫീസറാണ് അനുമതി നല്കിയത്.
ഒന്നര വര്ഷം മുന്പ് നടന്ന ഈ സംഭവത്തില് നാല് മാസം മുന്പാണ് കലക്ടര് റിപ്പോര്ട്ട് നല്കിയത്. മാസങ്ങള് കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതില് ദുരൂഹതയുണ്ട്. മുട്ടില് മരംമുറി കേസില് നടപടികള് സ്വീകരിച്ച സര്ക്കാര് ഏജന്സികള് കൃഷ്ണഗിരി എസ്റ്റേറ്റിലെ വ്യാപക മരംമുറി കണ്ടില്ലെന്ന് നടിക്കുകയാണ്.