ശ്രേയാംസ് കുമാർ കൈയ്യേറിയ ഭൂമി തിരിച്ചുപിടിക്കണം, നടപടി എടുക്കണമെന്നും പി വി അൻവർ

'ശ്രേയാംസ് കുമാറിനെ കൃത്യമായി അറിയുന്ന കൽപ്പറ്റയിലെ ജനങ്ങൾ തന്നെയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയതെന്നത് പച്ചയായ യാഥാർത്ഥ്യമാണ്'

dot image

മലപ്പുറം: ശ്രേയാംസ് കുമാറിന്റെ ഭൂമി കയ്യേറ്റത്തെ കുറിച്ച് റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്തയിൽ നടപടി വേണമെന്ന് പി വി അൻവർ എംഎൽഎ. ശ്രേയാംസ് കുമാർ അനധികൃതമായി സ്വന്തമാക്കിയ ഭൂമി തിരിച്ചുപിടിക്കണമെന്ന് പി വി അൻവർ ആവശ്യപ്പെട്ടു. മരംമുറി മാത്രമല്ല, റിപ്പോർട്ടർ ടിവി പുറത്തുവിട്ട വാർത്ത ശരിയെങ്കിൽ ഭൂമി കയ്യേറ്റം ഗൗരവമുള്ള വിഷയമാണ്. ഭൂമി തിരിച്ചുപിടിക്കണമെന്ന് തഹസിൽദാറുടെ റിപ്പോർട്ട് ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടർ ടിവി വാർത്ത കൊടുത്തിരിക്കുന്നത്. അങ്ങനെയെങ്കിൽ ആ ഭൂമി തിരിച്ചുപിടിക്കണമെന്നതിൽ തർക്കമില്ല.

ഭക്ഷ്യക്ഷാമമുണ്ടായപ്പോഴാണ് ഇത്തരം സർക്കാർ ഭൂമി കൃഷി ആവശ്യത്തിന് ഉപയോഗിക്കാൻ താത്കാലിക നിയമം കൊണ്ടുവന്നത്. ആ പരിധിയിൽ വരുന്ന ഭൂമിയുടെ ഉടമസ്ഥത സർക്കാരിനാണ്. ആ ഭൂമി സ്വന്തം പോലെ കൈമാറ്റം ചെയ്തിട്ടുണ്ടെങ്കിൽ അത് ഈ നിയമത്തിന്റെ അകത്തുവരുന്നതാണ്. നടപടിയെടുക്കേണ്ടത് റവന്യൂ വകുപ്പാണെന്നും അദ്ദേഹം പറഞ്ഞു.

നടപടിയെടുക്കാത്തതിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് അറിയില്ല. വളരെ ഗൗരവമുള്ള കാര്യമാണ്. നടപടിയെടുക്കാത്തതിൽ ഉത്തരം പറയേണ്ടത് റവന്യു ഉദ്ദ്യോഗസ്ഥരാണ്. വസ്തുനിഷ്ടമായ വിശദമായ അന്വേഷണം സർക്കാർ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ഉറപ്പാണ്. ശ്രേയാംസ് കുമാറിനെ പ്രതിപക്ഷത്തിന് പേടിയാണ്, ഇടതുപക്ഷത്തിന് പേടിയാണ് എന്നൊക്കെ പറയുന്നുണ്ട്. എന്നാൽ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ഒരാളെയും പേടിക്കേണ്ട കാര്യമില്ല.

എൽഡിഎഫിന് മാതൃഭൂമി പത്രവും ചാനലും നൽകുന്ന സംഭാവന എന്തെന്ന് എല്ലാവർക്കുമറിയാം. ഇടതുപക്ഷത്തിൽ നിന്ന് എല്ലാ ഷെൽട്ടറും ഉപയോഗിക്കുകയും ഇടതുപക്ഷത്തെയും സിപിഐഎമ്മിനെയും തകർക്കാൻ, കഴിഞ്ഞ കുറേ കാലങ്ങളായി ബിജെപി പക്ഷത്തുനിന്നുതന്നെ വാർത്ത നൽകുകയുമാണ് മാതൃഭൂമി ചെയ്യുന്നത്. ഇക്കാര്യം കൽപ്പറ്റയിലെ ഇടതുപക്ഷപ്രവർത്തകർ കൃത്യമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് കൽപ്പറ്റയിൽ ശ്രേയാംസ് കുമാർ പരാജയപ്പെട്ടത്. ശ്രേയാംസ് കുമാറിനെ കൃത്യമായി അറിയുന്ന കൽപ്പറ്റയിലെ ജനങ്ങൾ തന്നെയാണ് അദ്ദേഹത്തെ പരാജയപ്പെടുത്തിയതെന്നത് പച്ചയായ യാഥാർത്ഥ്യമാണെന്നും അൻവർ റിപ്പോർട്ടറിനോട് പ്രതികരിച്ചു.

dot image
To advertise here,contact us
dot image