കൊച്ചി: വയനാട് കൃഷ്ണഗിരി വില്ലേജിൽ എം വി ശ്രേയാംസ് കുമാറും കുടുംബവും നടത്തിയ ഭൂമി തട്ടിപ്പ് സംബന്ധിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ശ്രേയാംസിൻറെ കുടുംബം 96.93 ഏക്കർ സർക്കാർ ഭൂമി വ്യാജ രേഖ ചമച്ച് മറിച്ചുവിറ്റു. 2022ലും ഇല്ലാത്ത ജന്മാവകാശം ഉണ്ടെന്ന് കാണിച്ച് സർക്കാർ ഭൂമി വ്യാജ രേഖകൾ ഹാജരാക്കി മറിച്ചു വിറ്റു. ജില്ലാ കലക്ടറുടെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. വിഷയത്തിൽ റിപ്പോർട്ടർ സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ടീം അന്വേഷണം തുടരുന്നു.
കൃഷ്ണഗിരിയിലെ ശ്രേയാംസിൻറെ കള്ളക്കളികൾ വളരെ വലുതാണെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. ശ്രേയാംസിൻറെ കുടുംബം കൃഷ്ണഗിരി മലന്തോട്ടം എസ്റ്റേറ്റിലെ സർക്കാർ ഭൂമി മറിച്ചുവിറ്റതിന് തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചു. മലന്തോട്ടം എസ്റ്റേറ്റിൽ ആകെയുണ്ടായിരുന്ന ഭൂമി 135.14 ഏക്കർ ആണ്. അതിൽ ശ്രേയാംസിൻറെ കുടുംബത്തിന് അവകാശമുള്ള ഭൂമി 38.25 ഏക്കർ മാത്രമാണ്. മലന്തോട്ടം എസ്റ്റേറ്റിൽ ശ്രേയാംസിൻറെ കുടുംബത്തിന് പട്ടയമുള്ളത് 38.25 ഏക്കർ ഭൂമിക്ക് മാത്രമെന്ന ജില്ലാ കലക്ടറുടെയും താഹസിൽദാറുടെയും അന്വേഷണ റിപ്പോർട്ട് റിപ്പോർട്ടറിന് ലഭിച്ചിട്ടുണ്ട്. എന്നാൽ ശ്രേയാംസിൻറെ കുടുംബം ഈ 38 ഏക്കറടക്കം 135 ഏക്കറും മറിച്ചുവിറ്റെന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്. അവകാശമുള്ള ഭൂമിയാണെന്ന് കാണിച്ചാണ് ഈ ഭൂമി മുഴുവൻ മറിച്ച് വിറ്റത്.
ശ്രേയാംസിൻറെ കുടുംബം വയനാട്ടിൽ നടത്തിയ വൻ കൊള്ളയുടെ വിവരം രേഖകൾ സഹിതം റിപ്പോർട്ടർ ടിവി പുറത്തുവിട്ടു. 1988 ൽ റവന്യൂ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൻറെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. 135 ഏക്കർ ഭൂമിയിൽ വലിയ തട്ടിപ്പ് നടന്നുവെന്ന് അന്ന് തന്നെ സർക്കാരിൽ റിപ്പോർട്ട് ചെയ്തിരുന്നു. സമഗ്ര അന്വേഷണം വേണമെന്നും സർക്കാർ ഭൂമി തിരിച്ചുപിടിക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പക്ഷേ നടപടി ഒന്നും ഉണ്ടായില്ല. ഒരു വർഷം മുമ്പും ഭൂമി മറിച്ചുവിറ്റു എന്നാണ് രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
വ്യാജ രേഖയുണ്ടാക്കി മറിച്ചുവിറ്റ ഈ ഭൂമിയിലാണ് അനധികൃത മരം മുറി നടന്നത്. കൃഷ്ണഗിരിയിൽ ശ്രേയാംസും കുടുംബവും ചെയ്തത് സർക്കാർ ഭൂമി അന്യാധീനപ്പെടുത്തൽ ആണെന്ന് റിപ്പോർട്ടുകൾ നൽകിയിട്ടും നഷ്ടപ്പെട്ട സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ നടപടിയൊന്നും ഉണ്ടായില്ല. ശ്രേയാംസിൻറെ കുടുംബത്തിന് ഇപ്പോഴും സർക്കാർ ഭൂമി വിൽക്കാൻ സർക്കാരും റവന്യൂ വകുപ്പും കൂട്ടു നിൽക്കുന്നു എന്നതിൽ വലിയ ദുരൂഹതയാണ് ഉള്ളത്.