സുല്ത്താന് ബത്തേരി: കൃഷ്ണഗിരിയിലെ എംവി ശ്രേയാംസ് കുമാറിന്റെ ഭൂമി തട്ടിപ്പിന്റെ കൂടുതല് തെളിവുകള് റിപ്പോര്ട്ടര് ടിവിക്ക് ലഭിച്ചു. മലന്തോട്ടം എസ്റ്റേറ്റില് റീസര്വേയിലാണ് വന് ക്രമക്കേട് നടന്നത്. റീസര്വേ കഴിഞ്ഞതോടെ 11.58 ഏക്കര് ഭൂമി അധികം ശ്രേയാംസിന് ലഭിച്ചു. ഈ ഭൂമിയും ശ്രേയാംസിന്റെ കുടുംബം വ്യാജരേഖയുണ്ടാക്കി മറിച്ചുവിറ്റു. ജില്ലാ കലക്ടറുടെ റിപ്പോര്ട്ടിലാണ് ഈ ഗുരുതര കണ്ടെത്തലുള്ളത്. വിഷയത്തില് വിശദമായ സര്വേ വേണമെന്ന് കലക്ടറുടെ റിപ്പോര്ട്ട് ആവശ്യപ്പെടുന്നു.
ശ്രേയാംസിന്റെ കുടുംബത്തിന് ഉള്ളത് 38.25 ഏക്കര് ജന്മാവകാശം ആണ്. 1994ല് റീസര്വേ നിലവില് വന്നപ്പോള് അത് 49.83 ഏക്കറായി മാറി. 11.58 ഏക്കര് സര്ക്കാര് ഭൂമി റീസര്വേ കഴിഞ്ഞപ്പോള് ജന്മാവകാശമുള്ള ഭൂമിയായി ശ്രേയാംസിന് ലഭിച്ചു. ഈ ഭൂമിയും ശ്രേയാംസിന്റെ കുടുംബം വ്യാജ രേഖ ചമച്ച് മറിച്ചുവിറ്റു. റീസര്വേയില് നടന്നത് വന് ക്രമക്കേടാണ്.
മലന്തോട്ടം എസ്റ്റേറ്റിലെ രണ്ട് സര്വേ നമ്പറുകള് പരിശോധിച്ചപ്പോഴാണ് ഈ വലിയ തട്ടിപ്പ് കണ്ടെത്തിയത്. ഇതടക്കമുള്ള സര്ക്കാര് ഭൂമിയിലായിരുന്നു പിന്നീട് അനധികൃത മരംമുറി നടന്നത്. 10 ആധാരങ്ങള് ശ്രേയാംസിന്റെ കുടുംബം വ്യാജ രേഖ ചമച്ച് മറിച്ചുവിറ്റു. മലന്തോട്ടം എസ്റ്റേറ്റില് മാത്രം 100 ഏക്കറിലധികം സര്ക്കാര് ഭൂമിയാണ് മറിച്ചുവിറ്റത്.
മലന്തോട്ടം എസ്റ്റേറ്റിലെ 23 ഏക്കര് ഭൂമിയുടെ ആധാരങ്ങള് റദ്ദ് ചെയ്യണമെന്ന് ജില്ലാ കലക്ടര് റിപ്പോര്ട്ടില് ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇക്കാര്യത്തില് നടപടി സ്വീകരിക്കാന് റവന്യൂ വകുപ്പ് തയ്യാറായിരുന്നില്ല. ശ്രേയാംസിന്റെ ഭൂമി തട്ടിപ്പിന്റെ വിശദവിവരങ്ങള് ലാന്ഡ് റവന്യൂ കമ്മീഷണറുടെ മുന്നിലെത്തിയിരുന്നു. 2023 മാര്ച്ച് 16നാണ് ജില്ലാ കലക്ടര് ലാന്ഡ് റവന്യൂ കമ്മീഷണര്ക്ക് റിപ്പോര്ട്ട് കൈമാറിയത്.
റിപ്പോര്ട്ട് ലഭിച്ച് നാല് മാസമായിട്ടും റവന്യൂ വകുപ്പ് നടപടിയെടുക്കാന് തയ്യാറായിട്ടില്ല. ശ്രേയാംസ് കുമാറിനെ സംരക്ഷിക്കുന്ന നിലപാടാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്നത്. ആധാരം റദ്ദ് ചെയ്യാനുള്ള നടപടി പോലും വകുപ്പ് തുടങ്ങിയിട്ടില്ല. വയനാട്ടിലെ ഭൂമി തട്ടിപ്പ് പൂഴ്ത്താനുള്ള ശ്രമമാണ് വകുപ്പ് നടത്തുന്നതെന്നാണ് ആരോപണമുയരുന്നത്.