ന്യൂഡൽഹി: ആലുവയിലെ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ലോക്സഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി കോൺഗ്രസ്. ബെന്നി ബെഹനാൻ എംപിയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ പൊലീസ് കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
അതേസമയം മകളെ കൊല്ലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായും പിതാവ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. സർക്കാറിലും പൊലീസിലും വിശ്വാസമുണ്ട്. പൊലീസ് അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്. തന്റെ കുടുംബത്തിന്റെ ദുഃഖം കേരളം ഏറ്റെടുത്തത് ആശ്വാസം നൽകുന്നതായും പിതാവ് പറഞ്ഞു.
പ്രതി അസ്ഫാക് ആലത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനുളള അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയെ ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇന്നലെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
പ്രതിയെ കസ്റ്റഡിയിൽ ലഭിച്ച ശേഷം വിശദമായ ചോദ്യം ചെയ്യലിലേക്കും തെളിവെടുപ്പിലേക്കും അന്വേഷണ സംഘം കടക്കും. പെൺകുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം, പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനുളള ശ്രമത്തിലാണ് പൊലീസ്.