വയനാട്: എം വി ശ്രേയാംസ്കുമാർ കയ്യേറിയ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ഭൂസമരത്തിലേക്ക് കടക്കുമെന്ന് ഗോത്രമഹാസഭ നേതാവ് ഗീതാനന്ദൻ. ഭൂരഹിതരായ ആദിവാസികൾക്ക് അധികാരപ്പെട്ട ഭൂമിയിൽ കുടിൽ കെട്ടി സമരം ചെയ്യാനുള്ള ജനാധിപത്യപരമായ അവകാശം വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മരിയനാട് നടക്കുന്ന സമരം കൃഷ്ണഗിരിയിലേക്കും വ്യാപിപിക്കും. നിയമാനുസൃതം ഭൂരഹിതർക്ക് ലഭിക്കാനുള്ള ഭൂമിയാണ് ശ്രേയാംസ്കുമാർ ഉൾപ്പെടെയുള്ളവർ കയ്യേറുന്നത്. കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ ഭൂമിയിലേക്ക് കയറിയുള്ള സമരങ്ങളാണ് ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവി നടത്തിയ 'ഡിബേറ്റ് വിത് സുജയാപാർവതി' ചർച്ചയിലാണ് അദ്ദേഹം പ്രതികരിച്ചത്.
അതേസമയം വയനാട് കൃഷ്ണഗിരി വില്ലേജിൽ എം വി ശ്രേയാംസ് കുമാറും കുടുംബവും നടത്തിയ ഭൂമി തട്ടിപ്പ് സംബന്ധിച്ച് റിപ്പോർട്ടർ ടിവി സംപ്രേഷണം ചെയ്ത അന്വേഷണ പരമ്പര ഫലം കണ്ടുതുടങ്ങി. ഭൂമി തട്ടിപ്പിൻറെ അന്വേഷണ റിപ്പോർട്ടിൽ നടപടി തുടങ്ങാൻ അധികൃതർ തീരുമാനിച്ചു. ഇതിനുള്ള ഉത്തരവിനായി സുൽത്താൻ ബത്തേരി തഹസിൽദാർ റിമൈൻഡർ അയച്ചു. രണ്ട് ദിവസം മുമ്പാണ് വയനാട് ജില്ലാ കലക്ടർക്ക് റിമൈൻഡർ അയച്ചത്.
മറിച്ചുവിറ്റ ഭൂമിയുടെ സർവേ രേഖകളിൽ മാറ്റം വരുത്തുകയും ശ്രേയാംസും കുടുംബവും കയ്യേറിയ ഭൂമി സർക്കാർ ഭൂമി എന്ന് മാറ്റിയെഴുതുകയും വേണം. ഇതിനാണ് കലക്ടറുടെ ഉത്തരവ് വേണ്ടത്. കൃഷ്ണഗിരി വില്ലേജിലെ മുഴുവൻ ഭൂമിയുടെയും സർവേ നടത്തണമെന്ന് റിപ്പോർട്ടിലുണ്ട്. ഇതിൽ തീരുമാനം എടുക്കേണ്ടത് ലാൻഡ് റവന്യൂ കമ്മീഷണറാണ്. കലക്ടർ ഉത്തരവ് നൽകിയാൽ അനധികൃത കൈമാറ്റം നടന്ന 10.50 ഏക്കർ ഭൂമി തിരിച്ചുപിടിക്കാം. ഈ ഭൂമി തിരിച്ചുപിടിക്കാൻ ഇനി നിയമതടസ്സമില്ല.
വ്യാജരേഖ ചമച്ച് ജന്മാവകാശമുള്ള ഭൂമി എന്ന് ആക്കിയതോടെ ഹൈക്കോടതി കേസ് പിൻവലിച്ചിരുന്നു. കലക്ടറുടെ ഉത്തരവ് കിട്ടിയാലുടൻ പൊലീസ് കേസ് രജിസ്റ്റർ ചെയ്യും. ഭൂസംരക്ഷണ നിയമം അനുസരിച്ച് സർക്കാർ ഭൂമി മറിച്ച് വിറ്റതിൽ നടപടി തുടങ്ങും. മരം മുറിച്ചതെല്ലാം സർക്കാർ ഭൂമിയിലാണെന്ന് കണ്ടെത്തിയിരുന്നു. നാലര മാസം മുമ്പാണ് ജില്ലാ കലക്ടർ അന്തിമ റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിൽ നടപടി എടുക്കാതെ ഫയൽ പൂഴ്ത്തിയിരുന്നു.