ചങ്ങനാശ്ശേരി: മിത്തുകളെ ചരിത്രത്തിന്റെ ഭാഗമാക്കാന് പാടില്ലെന്നും സങ്കല്പങ്ങളെ സങ്കല്പങ്ങളായി കാണണമെന്നും ഉള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ എന്എസ്എസ് സെക്രട്ടറി സുകുമാരന് നായര്. ഗോവിന്ദന്റെ പ്രസ്താവന യുക്തിഭദ്രമല്ലെന്നും നൂറ്റാണ്ടുകളായി നിലനില്ക്കുന്ന വിശ്വാസങ്ങളെ ശാസ്ത്രീയതയുടെ പേരില് തള്ളിക്കളയുന്നത് അത് വിശ്വസിക്കുന്നവരുടെ നിലനില്പ്പിനെ ബാധിക്കുമെന്നും സുകുമാരന് നായര് പറഞ്ഞു.
ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസങ്ങളില് ഇങ്ങനെ കടന്നു കയറുന്നത് വിശ്വാസികള്ക്ക് വേദനയുണ്ടാക്കുന്നതാണെന്നും വാര്ത്താകുറിപ്പിലൂടെ സുകുമാരന് നായര് അറിയിച്ചു. വിഷയവുമായി ബന്ധപ്പെട്ട് മുന്മന്ത്രി എ കെ ബാലന് നടത്തിയ പരാമര്ശങ്ങള് മറുപടി അര്ഹിക്കുന്നില്ലെന്നും സുകുമാരന് നായര് കൂട്ടിച്ചേര്ത്തു.
ശാസ്ത്രത്തെയും മിത്തിനെയും കുറിച്ചുള്ള നിയമസഭ സ്പീക്കര് എ എന് ഷംസീറിന്റെ പ്രസംഗത്തില് പ്രതിഷേധിച്ച് എന്എസ്എസ് നാളെ വിശ്വാസ സംരക്ഷണ ദിനം ആചരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഗണപതി ക്ഷേത്രങ്ങളില് എത്തി വഴിപാടുകള് നടത്തി വിശ്വാസസംരക്ഷണ ദിനത്തില് പങ്കെടുക്കണമെന്നാണ് എന്എസ്എസ് സെക്രട്ടറി ആഹ്വാനം ചെയ്തത്.