തിരുവനന്തപുരം: പട്ടികജാതി സംവരണത്തിനെതിരെ സുപ്രീം കോടതി പോയത് സുകുമാരന് നായരാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്. മുസ്ലിം, പട്ടികജാതി എന്നു പറയുമ്പോള് വല്ലാത്ത എനര്ജി സുകുമാരന് നായര്ക്ക് ഉണ്ടാകുന്നു. എന് എസ് എസിന്റെ നിയമനം മെറിറ്റിന്റെ അടിസ്ഥാനത്തിലാണോ എന്നും എ കെ ബാലൻ ചോദിച്ചു. നുറുങ്ങു ചോദ്യങ്ങളാണ് താന് ഉന്നയിക്കുന്നതെന്നാണ് സുകുമാരൻ നായർ പറഞ്ഞത്. അങ്ങനെയാണെങ്കിൽ തന്റെ ചോദ്യത്തിന് നുറുങ്ങു മറുപടിയെങ്കിലും ഉണ്ടാകണമെന്നും താന് നുറുങ്ങാണെന്ന സുകുമാരന്മാരുടെ പരിഹാസത്തിന് എ കെ ബാലൻ മറുപടി നൽകി.
എന് എസ് എസ് കള്ളപ്പട്ടയം ഉണ്ടാക്കിയെന്ന പരാതി ഉണ്ട്. ചാത്തന്കുളങ്ങരയില് ക്ഷേത്ര ഭാരവാഹികള് എന് എസ് എസിനെതിരെ പരാതി നല്കിയിട്ടുണ്ട്. 68 ഏക്കര് ഭൂമി കൈവശം വെച്ചതിനെതിരെയാണ് കേസ്. അങ്ങനെ ഒരു കേസ് ഉണ്ടോയെന്ന് സുകുമാരന് നായര് പറയണമെന്നും എ കെ ബാലൻ ആവശ്യപ്പെട്ടു.
സ്പീക്കർ എ എൻ ഷംസീറിന്റെ പ്രസംഗം ആരെയും വേദനിപ്പിക്കാന് വേണ്ടി ആയിരുന്നില്ല. സ്പീക്കര് പറഞ്ഞത് ഇടതുപക്ഷ നയത്തിന്റെ ഭാഗമായാണ്. അതിനെ വളച്ചൊടിച്ചെന്നും എ കെ ബാലൻ പറഞ്ഞു. മാപ്പ് പറയേണ്ടത് ഷംസീർ അല്ലെന്നും സുകുമാരൻ നായരാണെന്നും എ കെ ബാലൻ ചൊവ്വാഴ്ച പറഞ്ഞിരുന്നു. ബിജെപിയും സംഘപരിവാറും വർഗീയവത്കരണത്തിന് ശ്രമിക്കുകയാണ്. അത് ഏറ്റുപിടിക്കുന്നത് ഒരു സമുദായ സംഘടനയ്ക്ക് ചേർന്നതല്ലെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.
സ്പീക്കർ എ എൻ ഷംസീർ ഹൈന്ദവ ജനതയോട് മാപ്പ് പറയണമെന്ന് ഇന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടിരുന്നു. വിശ്വാസത്തിൽ കവിഞ്ഞൊരു ശാസ്ത്രമില്ല. ശാസ്ത്രം ഗണപതിയുടെ മേലിൽ മാത്രം അടിച്ചേൽപ്പിക്കുന്ന രീതി ശരിയല്ല. ശാസ്ത്രമല്ല വലുത് വിശ്വാസമാണ് വലുതെന്നും സുകുമാരൻ നായർ പറഞ്ഞു. വാഴപ്പള്ളി ഗണപതി ക്ഷേത്രത്തിൽ എത്തി വഴിപാട് നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരൻ നായർ.
എ എൻ ഷംസീർ വിശ്വാസത്തെ പോറലേൽപ്പിച്ചു. ഹൈന്ദവർക്ക് ആരാധിക്കുന്ന ദൈവങ്ങളെ സംബന്ധിച്ച് വിശ്വാസങ്ങളുണ്ട്. രാഷ്ട്രീയമില്ല. ബിജെപിയോട് എതിർപ്പില്ല. ബിജെപിക്കൊപ്പവും കോൺഗ്രസിനൊപ്പവും കമ്യൂണിസ്റ്റിനൊപ്പവും നായന്മാർ പ്രവർത്തിക്കുന്നതിൽ പ്രശ്നമില്ല. പക്ഷേ ഞങ്ങളുടെ ആഭ്യന്തര പ്രശ്നങ്ങളിൽ കൈകടത്താൻ വന്നാൽ എതിർക്കാനുള്ള ശക്തി നായർ സൊസൈറ്റിക്കുണ്ട്. എല്ലാവരും അവസാനം ഗതികിട്ടാതെ എൻഎസ്എസിൽ വന്ന് കയറുമെന്നും സുകുമാരൻ നായർ പറഞ്ഞു.