കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ കൂടി പ്രതി ചേർത്തു. എബിൻ എബ്രഹാമിനെ പ്രതി ചേർത്ത് ക്രൈം ബ്രാഞ്ച് എറണാകുളം സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കേസിൽ അഞ്ചാം പ്രതിയാണ് എബിൻ. മോൻസന്റെ ജീവനക്കാരുടെ അക്കൗണ്ടിൽ നിന്ന് ഇയാൾക്ക് പണം നൽകിയതിന്റെ രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പി എ എന്നാണ് എബിൻ അവകാശപ്പെടുന്നതെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പത്ത് കോടിയുടെ തട്ടിപ്പുകേസിൽ കെപിസിസി അദ്ധ്യക്ഷൻ സുധാകരനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. വഞ്ചിക്കണമെന്ന ഉദ്ദേശത്തോടെ വ്യാജരേഖ ചമയ്ക്കൽ, യഥാർത്ഥ രേഖ എന്ന മട്ടിൽ വ്യാജരേഖ ഉപയോഗിക്കൽ എന്നീ കുറ്റങ്ങളും സുധാകരനെതിരെ ചുമത്തിയിരുന്നു. പരാതിക്കാരിയുടെ മൊഴിയുടെയും അന്വേഷണ സംഘം ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു സുധാകരനെ ചോദ്യം ചെയ്തത്. അറസ്റ്റിന് പിന്നാലെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിനിൽക്കാൻ താൻ തയ്യാറാണെന്ന് കെ സുധാകരൻ പറഞ്ഞിരുന്നു.
അതേസമയം പുരാവസ്തു തട്ടിപ്പു കേസിൽ ഹൈക്കോടതിയില് നല്കിയ ഹര്ജിയില് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർത്തിയ ആരോപണങ്ങൾ തന്റെ അറിവോടെയല്ലെന്ന് മൂന്നാം പ്രതിയായ ഐജി ജി ലക്ഷ്മണ പറഞ്ഞിരുന്നു. വക്കാലത്ത് നല്കിയ അഭിഭാഷകനാണ് പരാമര്ശങ്ങള്ക്ക് പിന്നിൽ. ഹര്ജി പിന്വലിക്കാന് അഭിഭാഷകനോട് ആവശ്യപ്പെട്ടതായും ഐജി ലക്ഷ്മണ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്നായിരുന്നു ഹർജിയിലെ ആരോപണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ബുദ്ധികേന്ദ്രത്തിന്റെ നിർദേശപ്രകാരമാണ് ക്രൈം ബ്രാഞ്ച് തന്നെ പ്രതി ചേർത്തത് എന്നും ഐജി ലക്ഷ്മണ ഹർജിയിൽ ആരോപിച്ചിരുന്നു.